'മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായില്ല'; മുൻമന്ത്രി സി.വി പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാത്തതിൽ വിവാദം
വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
കൊല്ലം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാത്തതിൽ വിവാദം പുകയുന്നു. ആചാരവെടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക ഉത്തരവ് ഉണ്ടായില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ജൂലൈ 16 ന് അന്തരിച്ച സി.വി പത്മരാജന്റെ സംസ്കാര ചടങ്ങുകൾ ജൂലൈ 17നാണ് നടന്നത്. ആദര സൂചകമായി ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി മുഴക്കാത്തതിനെതിരെ അപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു. കുറച്ചു കാലം മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ സംസ്‍കാരത്തിന് ആചാരവെടി നൽകാൻ, മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായില്ലെന്ന മറുപടിയാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ചത്.
സർക്കാർ സി.വി പത്മരാജനോട് കാണിച്ചത് അനാദരവ് ആണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. മുൻ മന്ത്രിമാരായിരുന്ന നേതാക്കളുടെ സംസ്‍കാര ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം പൂർണ ഔദ്യോഗിക ബഹുമതികൾ നൽകാറുണ്ട്. അപ്പോഴാണ് മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്ന പത്മരാജന് ഗാർഡ് ഓഫ് ഓണർ മാത്രം നൽകിയത്.