കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട്; സഹകരണ സംഘം രജിസ്ട്രാറിനെയും റബ്കോ എം.ഡിയെയും ഇന്ന് ചോദ്യം ചെയ്യും
കരുവന്നൂരിൽ വലിയ തട്ടിപ്പ് നടന്നിട്ടും രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ
കരുവന്നൂര്‍ ബാങ്ക്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിനെയും റബ്കോ എം.ഡി ഹരിദാസൻ നമ്പ്യാരെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരോടും രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ആവശ്യമായ രേഖകൾ ഹാജരാക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.
കരുവന്നൂരിൽ വലിയ തട്ടിപ്പ് നടന്നിട്ടും രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. കരുവന്നൂർ ബാങ്ക് വഴിയുള്ള ഇടപാടിൽ റബ്കോ എം.ഡിക്കും പങ്കുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹരിദാസൻ നമ്പ്യാരെ ചോദ്യം ചെയ്യാനുള്ള തീരുമാനം.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കെ ഇന്ന് കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരും. തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. കരുവന്നൂരിനെ സഹായിക്കുന്നത് സംബന്ധിച്ച വിഷയം ഡയറക്ടർ ബോർഡ് യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന. ധനസഹായം നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ കേരള ബാങ്ക് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ വർഷാവർഷം നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങിന് മുന്നോടിയായി യോഗം ചേരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റന്നാൾ ആണ് പ്രൈമറി സംഘങ്ങളുടെ വാർഷിക ജനറൽബോഡി ചേരുന്നത്.