സർക്കാറിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത കമ്പനികളെ ഒഴിവാക്കി എഫ്എസ്ഐടിക്ക് കരാര്‍ നല്‍കി; പാലക്കാട് കാഞ്ഞിരപ്പുഴ ഡാം ടൂറിസം പദ്ധതിയില്‍ അഴിമതി ആരോപണം
അന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ വിജിലൻസ് കോടതി
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിനോട് ചേർന്നുള്ള ജലസേചന വകുപ്പിൻ്റെ സ്ഥലത്ത് ആരംഭിക്കുന്ന ടൂറിസം പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം.സർക്കാറിന് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ കമ്പനികളെ ഒഴിവാക്കിയാണ് എഫ്എസ്ഐടി എന്ന സ്ഥാപനത്തിന് ടൂറിസം പദ്ധതിക്കായി കരാർ നൽകിയതെന്നാണ് പരാതി. തൃശ്ശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
ജലസേചന വകുപ്പിന് കീഴിലു ഉള്ള ഡാമുകൾക്ക് സമീപത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. 161 കോടി രൂപ ചിലവഴിച്ച് ടൂറിസം പദ്ധതികൾ നടപ്പിലാക്കുമെന്നാണ് FSIT എന്ന കമ്പനി ക്വട്ടേഷൻ നൽകിയത്. ലാഭത്തിൻ്റെ മൂന്ന് ശതമാനം ജലസേചന വകുപ്പിന് നൽകാമെന്നാണ് കരാർ . നെസ്റ്റ് എന്ന സൊസൈറ്റി 170 കോടി മുതൽ മുടക്കി 10 മുതൽ 30 ശതമാനം വരെ സർക്കാറിന് ലാഭം നൽകാമെന്ന് ക്വട്ടേഷൻ നൽകി .
158 കോടി മുതൽ മുടക്കി സർക്കാറിന് 50 ശതമാനം വരെ ലാഭം നൽകാമെന്ന് അല ടൂറിസം കമ്പനിയും അറിയിച്ചു. എന്നാൽ മൂന്ന് ശതമാനം മാത്രം സർക്കാറിന് ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ കമ്പനിക്കാണ് കരാർ നൽകിച്ചത്. ഇത് അഴിമതിയാണെന്നാണ് ആരോപണം. ജലസേചന വകുപ്പിൻ്റെ വെബ്സൈറ്റിൽ മാത്രമാണ് ടൂറിസം പദ്ധതിക്കായി ക്വട്ടേഷൻ ക്ഷണിച്ചത് . പത്രങ്ങളിൽ ക്വട്ടേഷൻ പരസ്യം നൽകിയില്ലെന്ന ആരോപണവും ഉണ്ട്. FSIT കമ്പനിക്കായി പദ്ധതിയുടെ നടത്തിപ്പിൽ ഇളവുകൾ വരുത്തിയെ പരാതിയുമുണ്ട്. കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതിയിലെ കരാറിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു.