Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്.
അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്. 2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ചുതെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
അപകടത്തിനിടയാക്കിയ ഷജീല്‍ വിദേശത്തേക്ക് കടന്നിരുന്നു. കാര്‍ കണ്ടെടുത്തതോടെ ഇയാളെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. നേരത്തെ, വളരെ തുച്ഛമായ നഷ്ടപരിഹാരം മാത്രമായിരുന്നു കുടുംബത്തിന് ലഭിച്ചിരുന്നത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടതോടെയാണ് എംഎസിടി കോടതി കേസ് വേഗത്തില്‍ തീര്‍പ്പാക്കിയത്.
ദൃഷാന നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.