കോവിഡ് മരണം; പഞ്ചായത്ത് അധ്യക്ഷനടക്കം പട്ടികയില്‍ നിന്ന് പുറത്ത്, പരാതിയുമായി ബന്ധുക്കള്‍

കോവിഡ് ബാധിതനായി തുടർ ചികിത്സയിലിരിക്കെ മരിച്ച മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കോയയാണ് പട്ടികയില്‍ നിന്ന് പുറത്തായത്.

Update: 2021-07-06 03:20 GMT
Advertising

കോവിഡ് തുടർചികിത്സയ്ക്കിടെ മരിച്ച പഞ്ചായത്ത് പ്രസിഡന്റ് സർക്കാരിന്റെ ഔദ്യോഗിക കോവിഡ് മരണ കണക്കിൽ ഉൾപ്പെട്ടില്ലെന്ന് പരാതി. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കോയ ആണ് കോവിഡ് ബാധിതനായി തുടർ ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് ബാധയെ തുടർന്നുണ്ടായ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. 

മെയ് ഒന്നാം തീയതിയാണ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കോയക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞു. ആരോഗ്യ നില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പത്തു ദിവസങ്ങൾക്ക് ശേഷം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. എന്നാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തിനു ശേഷം ആശുപത്രിയിൽ വെച്ച് മരണത്തിനു കീഴടങ്ങുകയും ചെയ്തു. 

പത്തു ലക്ഷത്തോളം രൂപയാണ് കോയയുടെ ചികിത്സയ്ക്ക് ചെലവായത്. എന്നാല്‍, കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെങ്കിലും കോയയുടെ മരണം ഔദ്യോഗിക കണക്കുകളില്‍ ഉൾപ്പെട്ടിട്ടില്ല. മക്കരപ്പറമ്പ് പഞ്ചായത്തിൽ ഇതുവരെ 19 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ കോയയുടേതിന് സമാനമായ കോവിഡ് തുടർചികിത്സ മരണങ്ങൾ വേറെയുമുണ്ട്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ല, സമാനമായ നിരവധി പരാതികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News