ബ്രൂവറിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ; ജനതാദൾ എസിലും കടുത്ത പ്രതിഷേധം

ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം

Update: 2025-01-29 05:27 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: പാലക്കാട് മദ്യ നിർമാണ കമ്പനി സ്ഥാപിക്കുന്നതിൽ എതിർപ്പ് പരസ്യമാക്കി സിപിഐ മുഖപത്രത്തിൽ ലേഖനം . ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടു നൽകിയാൽ നെൽകൃഷി ഇല്ലാതാവും .

സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ലേഖനത്തിൽ പറയുന്നു. പാർട്ടി ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം. ബ്രൂവറി വിവാദത്തിൽ ജനതാദൾ എസിലും കടുത്ത പ്രതിഷേധം. മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിക്കാത്ത കെ. കൃഷ്ണൻകുട്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്‍റുമാർ സംസ്ഥാന പ്രസിഡന്‍റിന് കത്ത് നൽകി. മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് .

Advertising
Advertising

സമീപകാലത്ത് കേരളത്തില്‍ ചര്‍ച്ചാവിഷയമായ പാലക്കാട്ടെ ബ്രൂവറി പ്ലാന്റ് കൃഷിക്കാരിലും കര്‍ഷകത്തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് പാലക്കാട് താലൂക്ക്. പാലക്കാട്ടെ നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി രൂപം നല്‍കിയതാണ് മലമ്പുഴ ഡാം. നെല്‍കൃഷി ചെയ്യുന്നതിന് ആവശ്യമായ ജലം ലഭ്യമാക്കുകയെന്നത് മലമ്പുഴ ഡാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലമ്പുഴ ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. ഇപ്പോഴുണ്ടാകുന്ന വെള്ളം പൂര്‍ണമായും കൃഷിക്ക് ലഭിക്കാത്ത സാഹചര്യവും വന്നുചേര്‍ന്നിട്ടുണ്ട്. വെ ള്ളം മറ്റുപല ആവശ്യങ്ങള്‍ക്കും വിട്ടുനല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്‍റെ ഫലമായി കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ പല ഘട്ടങ്ങളിലും ഉണ്ടാകുന്നു. ആവശ്യമായ ഘട്ടത്തില്‍ കൃഷിക്ക് വെള്ളം ലഭിക്കാത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുമുണ്ട്.

മദ്യവ്യവസായത്തിന് എവിടെ നിന്നാണ് ജലം ലഭിക്കുക? നിലവിലുള്ള കൃഷി സംരക്ഷിക്കലല്ലേ പ്രധാനം എന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മദ്യ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാര്‍ഷികമേഖലയാകെത്തന്നെ സ്തംഭനത്തില്‍ ആകുന്ന ഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക. എലപ്പുള്ളി പ്രദേശം ചിറ്റൂര്‍ മേഖലയിലാണ്. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം ഏറ്റവും കുറഞ്ഞ മേഖലയാണ് ഇത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്ക് ലഭിക്കേണ്ടുന്ന വെള്ളം മദ്യനിര്‍മ്മാണ കമ്പനിക്ക് വിട്ടുനല്‍കിയാല്‍ നെല്‍കൃഷി മേഖല ആകെ ഇല്ലാതാകും.

ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതമേഖലയാണ് കൃഷി. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് നിരക്കുന്നതല്ല. ..ലേഖനത്തില്‍ പറയുന്നു.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News