വി. ശിവൻകുട്ടിയെ പോലെ പ്രകോപിതനാവാൻ എൻ്റെ രാഷ്ട്രീയബോധം സമ്മതിക്കുന്നില്ല: ബിനോയ് വിശ്വം
എൽഡിഎഫ് ഐക്യത്തിന് കോട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: വി. ശിവൻകുട്ടിയെ പോലെ പ്രകോപിതനാവാൻ തൻ്റെ രാഷ്ട്രീയബോധം സമ്മതിക്കുന്നില്ലെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ വിഷയത്തിൽ പ്രകോപിതരാവാൻ സിപിഐ ഇല്ല. വി. ശിവൻ കുട്ടി പ്രകോപരമായ ഭാഷയിൽ സംസാരിക്കുന്നത് താനും ശ്രദ്ധിച്ചു എന്നും ബിനോയ് വിശ്വം പറഞ്ഞു.
വി. ശിവൻകുട്ടിക്ക് മറുപടി നൽകി എൽഡിഎഫ് ഐക്യത്തിന് കോട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പ്രകോപനം ഉണ്ടാക്കിയതിൻ്റെ കാരണം തനിക്കറിയില്ല. പ്രകോപനത്തിൻ്റെ വഴിയെ പോകാൻ തൻ്റെ ഇടതുപക്ഷ രാഷ്ട്രീയക്കൂറ് സമ്മതിക്കുന്നില്ല. വി. ശിവൻകുട്ടി പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ഇപ്പുറത്ത് നിൽക്കുമ്പോൾ സിപിഎം സിപിഐ തർക്കം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. പിഎം ശ്രീ വീണ്ടും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നവർ സിപിഎം കേന്ദ്രകമ്മറ്റി പ്രമേയം വായിക്കണം. കെഎസ്ടിഎ ഇറക്കിയ ലഘുലേഖകൾ വായിച്ചാൽ ഇടത് നിലപാട് അറിയാം. എസ്എഫ്ഐയുടെ നയപ്രഖ്യാപനങ്ങൾ വായിക്കുക. മറ്റൊരു തർക്കത്തിനോ ചർച്ചക്കോ താനില്ല. പിഎം ശ്രീ ആർഎസ്എസ് അജണ്ടയാണ്. അത് കൊണ്ടാണ് മന്ത്രിസഭ ഉപസമിതിക്ക് മുന്നിൽ വെച്ചത്. അതിൻ്റെ അധ്യക്ഷനാണ് ശിവൻകുട്ടി. പിഎം ശ്രീയിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാട്. അതുകൊണ്ടാണ് എൽഡിഎഫ് തീരുമാനം എടുത്തത്. ഇരു പാർട്ടികളും ചർച്ച ചെയ്ത് തീരുമാനിച്ചതാണ് ഉപസമിതി. ആ കമ്മിറ്റിയെ നയിക്കാൻ കഴിവുള്ള ആളാണ് ശിവൻകുട്ടി. എൽഡിഎഫിന്റെ ഐക്യം സിപിഐക്ക് പ്രധാനമാണ്. വിജയത്തിന്റെയോ പരാജയത്തിന്റെയോ കാര്യം ഇവിടെ ഇല്ല. തീരുമാനം മാറ്റിയത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. അതാണ് ഇന്നും നാളെയും ഉള്ള നിലപാട്.
ശിവൻകുട്ടിയെയോ സിപിഎമ്മിനെയോ രാഷ്ട്രീയം പഠിപ്പിക്കാൻ താൻ ആളല്ല എന്നും സിപിഐ സംസ്ഥാന സെക്രട്ടറി. പിഎം ശ്രീയെ പറ്റി ശിവൻകുട്ടിയെ ഒന്നും പഠിപ്പിക്കാൻ താൻ ആളല്ല. എന്തെങ്കിലും പഠിപ്പിക്കാൻ ഉണ്ടെങ്കിൽ അത് പഠിപ്പിക്കേണ്ടത് എംഎ ബേബിയും സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷുമാണ്.
പിഎം ശ്രീയുടെ ഭാഗമല്ല കേരളം. എന്നാൽ എസ്എസ്കെ ഫണ്ട് ഏതെങ്കിലും കേന്ദ്ര മന്ത്രിയുടെ തറവാട്ടുവകയല്ല. ഫണ്ട് ലഭിക്കാൻ എന്തെല്ലം വഴിയുണ്ടോ അതൊക്കെ ചെയ്യണം. എസ്എസ്കെയെയും പിഎം ശ്രീയെയും കൂട്ടിക്കെട്ടാൻ വന്നാൽ തങ്ങൾ പറയും രണ്ടും രണ്ടാണെന്ന്. കേന്ദ്രത്തിന്റെ അജണ്ടയാണത്. പിഎം ശ്രീയിൽ തലവെച്ച് ആർഎസ്എസ് അജണ്ടക്ക് നിന്ന് കൊടുക്കാൻ കഴിയില്ല. പിഎം ശ്രീയെ ന്യായീകരിക്കാൻ എസ്എസ്കെ ഫണ്ടിനെ പറ്റി പറഞ്ഞാൽ അത് അംഗീകരിക്കില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അടുത്ത ബന്ധുവാണ് സിപിഎം. അതുകൊണ്ട് തന്നെ ഐക്യതിനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.