ശബരിമല സ്വർണക്കൊള്ള: എ.പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെന്ന് സൂചന
ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്നതാണ് എ.പത്മകുമാറിന്റെ മൊഴി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിനെതിരെ സിപിഎം നടപടിയുണ്ടാകുമെന്ന് സൂചന. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതുസംബന്ധിച്ച തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എടുത്തേക്കും.
അതേസമയം, പത്മകുമാറിന്റെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് എസ്ഐടി ഒരുങ്ങുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടളപ്പാളികൾ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നൽകും.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്നതാണ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ തുടർ നടപടി സ്വീകരിച്ചതെന്നാണ് പത്മകുമാർ വ്യക്തമാക്കുന്നത്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രിക്കും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നോ എന്നാണ് എസ് ഐ ടി പരിശോധിക്കുക.
തന്‍റെ മുന്നിൽ ഒരു ഫയലും എത്തിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു. രക്ഷപ്പെടുന്നതിനായി പത്മകുമാർ തെറ്റായ മൊഴി നൽകിയതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ഇക്കാര്യത്തിൽ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്താൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും എസ് ഐ ടി പരിശോധിക്കുന്നുണ്ട്.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മീഷറുമായിരുന്ന എൻ.വാസുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വാസു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകളിലേക്കും അന്വേഷണസംഘം വൈകാതെ കടക്കും.