റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം; കേസെടുത്ത് പൊലീസ്

റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനുമാണ് കേസ്

Update: 2024-12-06 01:11 GMT

 തിരുവനന്തപുരം: പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കേസെടുത്ത് പൊലീസ്. വഞ്ചിയൂർ കോടതി പരിസരത്ത് നിന്ന് പൊലീസ് സ്റ്റേഷൻ വരെ നീളുന്ന റോഡിന്റെ ഒരുവശം അടച്ചുകെട്ടിയാണ് സിപിഎം പാളയം ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദി പണിതത്. രണ്ട് വരി ഗതാഗതം അതോടെ ഒരുവരിയിലേക്ക് ചുരുങ്ങി. റോഡരികിലെ പാർക്കിംഗ് കൂടിയായപ്പോൾ വാഹനങ്ങൾ ഞെരുങ്ങി. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ബ്ലോക്ക് നാല് മണിക്ക് സ്‌കൂളും ഓഫീസും എല്ലാം വിട്ടതോടെ വൻകുരുക്കായി. പൊലീസെത്തി ഏറെ പണിപ്പെട്ടാണ് കുരുക്കഴിച്ചത്. അടച്ചിട്ട റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഇരുവശത്ത് നിന്നും വഴി തിരിച്ചുവിട്ടാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരമുണ്ടാക്കിയത്. എന്നാൽ സംഭവം വാർത്തയായതോടെ പൊലീസ് കേസെടുത്തു. അനുമതി വാങ്ങാതെയാണ് സ്റ്റേജ് കെട്ടിയതെന്നും പ്രകടനം നടത്തിയതെന്നുമാണ് വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി, ഗതാഗത തടസ്സം സൃഷ്ടിച്ചു, പൊലീസിനോട് അപമര്യാദയായി പെരുമാറി, അന്യായമായി സംഘം ചേർന്നു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാൽ അനുമതി വാങ്ങിയെന്നായിരുന്നു സിപിഎം വാദം.

Advertising
Advertising

പൊതുവഴി അടച്ചുകെട്ടിയുള്ള പൊതുസമ്മേളനങ്ങൾ വിലക്കി ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഇത് പരിഗണിക്കാതെയാണ് 24 മണിക്കൂറിലധികം നേരത്തോളം റോഡ് കെട്ടിയടച്ചുകൊണ്ടുള്ള ഏരിയ സമ്മേളനം. വഞ്ചിയൂർ പൊലീസാണ് കണ്ടാലറിയുന്ന 500 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - ശരത് പി

Web Journalist, MediaOne

Similar News