വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ദോഷം ചെയ്തു, കാറിൽ കയറ്റിയതും തെറ്റ്; തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി
ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിയായെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായി എന്ന് ജില്ല കമ്മറ്റി. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി വെള്ളാപ്പള്ളിക്കൊപ്പം എത്തിയത് ശരിയായില്ലെന്നും അംഗങ്ങൾ വിമർശിച്ചു. ശബരിമല വിവാദം തിരിച്ചടിയായില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിലും ആവർത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ ഉണ്ടായ തിരിച്ചടി വിലയിരുത്താനാണ് സിപിഎം നേതൃയോഗങ്ങൾ ചേർന്നത്. രണ്ടുദിവസമായി ചേർന്ന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങളിലാണ് രൂക്ഷമായ വിമർശനം അംഗങ്ങൾ ഉയർത്തിയത്. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് ജില്ലാ ജില്ലാ സെക്രട്ടറി വി ജോയ് അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആഘാതം തിരിച്ചറിയാൻ കഴിയാതെ പോയെന്നും റിപ്പോർട്ടിൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇതിനെ ജില്ലാ കമ്മിറ്റി അംഗങ്ങളും പിന്തുണച്ചു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതിന്റെ രാഷ്ട്രീയം എന്തെന്നും അംഗങ്ങൾ ചോദിച്ചു. വെള്ളാപ്പള്ളിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തെ വിമർശിച്ച അംഗങ്ങൾ മുഖ്യമന്ത്രി വെള്ളാപ്പള്ളിയുമായി കാറിൽ എത്തിയത് തെറ്റായെന്നും വിമർശിച്ചു.
എന്നാൽ നടപടി വൈകുന്നതിനെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ന്യായീകരിച്ചു. പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് കുറ്റത്തിൽ വ്യക്തത വരാത്തതുകൊണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി. തിരുവനന്തപുരത്തെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നു എന്നായിരുന്നു കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിച്ച എസ്.പി ദീപക്കിന്റെ വിമർശനം. കോർപ്പറേഷനിലെ തോൽവിക്ക് കാരണം വിഭാഗീയതയെന്നും ദീപക് ചൂണ്ടിക്കാട്ടി. യോഗത്തിൽ ആര്യ രാജേന്ദ്രനെതിരെയും വിമർശനം ഉയർന്നു. ആര്യ ജനകീയമായി പ്രവർത്തിച്ചില്ലെന്നായിരുന്നു മുൻമേയർ വി.കെ പ്രശാന്ത് എംഎൽഎയുടെ വിമർശനം.
സംസ്ഥാനത്ത് വലിയ പരാജയം ഉണ്ടായിട്ടില്ലെന്ന സിപിഎം സെക്രട്ടറിയേറ്റ് നിലപാട് എം.വി ഗോവിന്ദൻ യോഗത്തെ അറിയിച്ചു. എസ്പി ദീപകിനെ കോർപ്പറേഷനിലെ പാർലമെൻററി പാർട്ടി നേതാവാക്കാൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.