'ആർ ശ്രീലേഖയ്ക്ക് പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്ക്': എംഎൽഎ ഓഫീസ് ഒഴിയാനാവശ്യപ്പെട്ടതിൽ സിപിഎം
പുത്തനച്ചി പുരപ്പുറം തൂക്കും എന്നത് പോലെയാണിതെന്നും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു
തിരുവനന്തപുരം: ശാസ്തമംഗലത്തെ വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിയാനാവശ്യപ്പെട്ടതിൽ രൂക്ഷപ്രതികരണവുമായി സിപിഎം.
നഗരസഭ കൗസിലാണ് ഇങ്ങനെയുള്ള കാര്യത്തില്‍ അനുമതി നൽകേണ്ടത്. അത് മറികടന്നാണ് ആർ ശ്രീലേഖയുടെ നടപടി. പുത്തനച്ചി പുരപ്പുറം തൂക്കും എന്നത് പോലെയാണിതെന്നും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു.
'അടിയന്തരമായി ഓഫീസ് ഒഴിഞ്ഞുകൊടുക്കണം എന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുംപോലെ അവരെ മുൻനിർത്തി തെരഞ്ഞെടുപ്പ് നടത്തി. അവസാനം അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ഇപ്പോൾ അവർ ആളുകളുടെ അടുത്തെല്ലാം പരിഭവം പറഞ്ഞുനടക്കുകയാണ്. അക്കൂട്ടത്തിൽ ഇപ്പോൾ എടുത്തിരിക്കുന്നത് ഏറ്റവും മോശപ്പെട്ട നിലപാടാണ്. അത് പഴയ പൊലീസിലുണ്ടായിരുന്ന ധാർഷ്ട്യവും ധിക്കാരവുമെല്ലാം പുലർത്തുന്ന രീതിയിലാണിപ്പോൾ കാണിച്ചിരിക്കുന്നത്'- വി. ജോയി പറഞ്ഞു.
അതേസമയം ബിജെപി ജയിച്ചപ്പോൾ തന്നെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു എന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ അഭിപ്രായം. ജനാധിപത്യ മര്യാദ പോയിട്ട് സാമാന്യമരാദ്യപോലുമില്ലാത്ത നടപടിയാണിതെന്നും അഞ്ച് വർഷം തലസ്ഥാനം സഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണിതെന്നും എം.ബി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് ഒഴിയണമെന്നാണ് ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. ഇന്നലെ ഫോണിലൂടെയാണ് കൗൺസിലർ, സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ആവശ്യം. ഇതേ കെട്ടിടത്തിലാണ് മുൻ കൗൺസിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാൽ ഈ മുറി ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്.