പൊലീസ് സ്റ്റേഷനിൽ അവിലും മലരും പഴവും വച്ച് സിപിഎം നേതാവിന്‍റെ ഭീഷണി; സംഭവം കൊല്ലം ഇരവിപുരത്ത്
ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്തു
കൊല്ലം: കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ കയറി സിപിഎം നേതാവിന്‍റെ ഭീഷണി. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ സജീവും സംഘവുമാണ് എസ്ഐയെ ഭീഷണിപ്പെടുത്തിയത്. സജീവിന്‍റെ വാഹനം പിടിച്ചതാണ് പ്രകോപനത്തിന് കാരണം. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്തു.
ശനിയാഴ്ചയാണ് സംഭവം. എസ്ഐയുടെ മുറിയിൽ കയറി 'അവിലും മലരും പഴവും' മേശയിൽ വെച്ചായിരുന്നു ഭീഷണി. എസ്‍ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റ് ഉദ്യോഗസ്ഥർ തടഞ്ഞു. ഏറെ നേരം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷമാണ് പ്രതികൾ മടങ്ങിയത്. കൊല്ലം കോർപറേഷൻ പള്ളിമുക്ക് ഡിവിഷൻ മുൻ കൗൺസിലർ ആയിരുന്നു സജീവ്.
അതേസമയം കൊല്ലം പള്ളിത്തോട്ടത്ത് പൊലീസിനെ മർദിച്ചതിന് പിന്നിൽ ലഹരിപരിശോധന നടത്തിയതിലെ വൈരാഗ്യമെന്നാണ് എഫ്ഐആര്‍. ഇന്നലെ വൈകിട്ടാണ് പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് പള്ളിത്തോട്ടം സ്റ്റേഷനിലെ പൊലീസുകാരെ മർദിച്ചത്. കേസിൽ കെഎസ്‍യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള മുഖ്യപ്രതികൾക്കായി തെരച്ചിൽ തുടരുകയാണ് .