തെരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെയും മറ്റന്നാളുമായി സംസ്ഥാന കമ്മിറ്റി യോഗവുമാണ് ചേരുന്നത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താനുള്ള സമ്പൂർണ സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെയും മറ്റന്നാളുമായി സംസ്ഥാന കമ്മിറ്റി യോഗവുമാണ് ചേരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് പാസാക്കിയ ഓരോ ജില്ലകളിലെയും വിശകലന റിപ്പോർട്ട് സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിക്കും.
ശബരിമല സ്വർണക്കൊള്ളയും കോൺഗ്രസിന് അനുകൂലമായ വോട്ടുകളുടെ ഏകീകരണവും എൽഡിഎഫിന് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ക്ഷേമപെൻഷൻ വർധിപ്പിച്ചതടക്കം ജനോപകാരപ്രദമായ പദ്ധതികൾ ഗുണം ചെയ്തില്ലെന്നും ജില്ലാ കമ്മിറ്റികളിൽ അഭിപ്രായം ഉയർന്നിരുന്നു. ഇത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. തിരുത്തൽ നടപടികൾ ഏത് രീതിയിൽ വേണമെന്നത് സംബന്ധിച്ചും നേതൃയോഗങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും.