'കൈ വെട്ടും, കാൽ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും'; പ്രകോപന മുദ്രാവാക്യവുമായി സി.പി.എം പ്രകടനം

എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിലാണ് പ്രകോപന മുദ്രാവാക്യവുമായി പ്രകടനം നടന്നത്

Update: 2022-07-01 14:24 GMT
Advertising

അമ്പലപ്പുഴ: പ്രകോപന മുദ്രാവാക്യവുമായി എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം. കൈ വെട്ടും, കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. എകെജി സെൻററിലേക്ക് ബോംബേറുണ്ടായതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്.

നേരത്തെ വി.ഡി സതീശനെയും കെ. സുധാകരനെയും റോഡിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് എച്ച് സലാം ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിപ്പെടുത്തിയതായി വിമർശിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയത്.

അതേസമയം, എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണം ചെറുതായി കാണിക്കാനാണ് മുദ്രാവാക്യ വിവാദം ഉയർത്തുന്നതെന്ന് എച്ച്. സലാം എംഎൽഎ കുറ്റപ്പെടുത്തി. അമ്പലപ്പുഴയിൽ പ്രകടനം ആരംഭിക്കുന്നതിന് മുൻപ് പാർട്ടി അംഗങ്ങൾക്ക് കൃത്യമായി നിർദേശം നൽകിയിരുന്നുവെന്നും എന്ത് പ്രകോപനം ഉണ്ടായാലും പ്രതിപക്ഷ പാർട്ടികൾക്കെതിരെ മുദ്രാവാക്യം പോലും പാടില്ലെന്ന് പറഞ്ഞിരുന്നുവെന്നും എംഎൽഎ പറഞ്ഞു. കോൺഗ്രസാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നും എച്ച് സലാം വിമർശിച്ചു.

എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ബോംബാക്രമണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല. ബോംബേറ് നടത്തിയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എകെജി സെന്‍ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറും പ്രതികരിച്ചു.സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാൾ മടങ്ങിയ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.

എകെജി സെന്ററിൽ നിന്ന് കുന്നുകുഴി വരെയുള്ള റോഡിലെ സിസിടിവി പൊലീസ് പരിശോധിക്കും. പ്രതി ബൈക്കിൽ എകെജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്. ഈ വഴിയൂടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പരിശോധന നടത്തി. അതിനുശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവത്തിൽ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ ശേഖരിച്ചു. ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യയും സ്ഥലം സന്ദർശിച്ചു.

CPM March with provocative slogan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News