സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്; കണ്ണൂരില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് ആരംഭിക്കും

പ്രായപരിധിയുടെ പേരിൽ ദേശീയ- സംസ്ഥാനതലത്തില്‍ ഒരുപിടി പ്രധാനികൾ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കും.

Update: 2021-09-10 02:02 GMT
Advertising

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ഇന്നാരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം ഇത്തവണ പാർട്ടിയിലും കൊണ്ടുവരാനാണ് സി.പി.എം തീരുമാനം. പ്രായപരിധിയുടെ പേരിൽ ദേശീയതലത്തിലും സംസ്ഥാനത്തും ഒരുപിടി പ്രധാനികൾ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. 

ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ഒരുതവണ കൂടി തുടരാനാണ് സാധ്യത. ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ആരെങ്കിലും ആ സ്ഥാനത്തേക്ക് വന്നേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാനാണ് സി.പി.എം തീരുമാനം. 

വിഭാഗീയത കുറഞ്ഞതോടെ കാര്യമായ സംഘടനാ പ്രശ്നങ്ങള്‍ കേരളത്തിലില്ല. മുന്നണിയും ശക്തം. പാർട്ടിയിലും സർക്കാരിലും ഒരു പോലെ ശക്തനായ പിണറായി വിജയനാണ് ഇന്ന് കേരളത്തിൽ സി.പി.എമ്മിന്റെ അവസാന വാക്ക്. മകനെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ അവധിയിൽ പോയ കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഈ സമ്മേളന കാലയളവിൽ ഉണ്ടാകും.

പാർട്ടിയിലും സർക്കാരിലും പ്രധാന ചുമതലകളിൽ ഇല്ലാത്ത ഇ.പി.ജയരാജൻ, എ.കെ.ബാലൻ, തോമസ് ഐസക് എന്നിവരുടെ സംഘടനാ ചുമതലകളും തീരുമാനിക്കപ്പെടും. പ്രായപരിധി മാനദണ്ഡം ഏരിയാ തലം വരെയെങ്കിലും സി.പി.എം നടപ്പാക്കും. സ്ഥാനാർഥി പട്ടികയിലും സർക്കാരിലും പുതുതലമുറയെ കൊണ്ടുവന്ന സി.പി.എം പാർട്ടി നേതൃത്വത്തിലും വലിയ മാറ്റങ്ങൾക്കു തയാറാകുമെന്നാണ് പ്രതീക്ഷ. അതു യാഥാ‍‍ർത്ഥ്യമായാൽ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നിന്ന് ഒരുപിടി പ്രമുഖര്‍ ഒഴിവാക്കപ്പെടും.

15ാം തീയതി മുതൽ മറ്റു ജില്ലകളിലും ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും. അഞ്ചു ലക്ഷത്തോളം പാർട്ടി അംഗങ്ങളും മുപ്പതിനായിരത്തോളം ബ്രാഞ്ചുകളുമാണ് സി.പി.എമ്മിലുള്ളത്. ജനുവരിയിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യ വാരം എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്തും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News