നിവേദനം വാങ്ങാതെ സുരേഷ് ഗോപി മടക്കി അയച്ച കൊച്ചു വേലായുധന് സിപിഎം വീട് നിർമിച്ചു നൽകും
ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ വീട്ടിലെത്തി വേലായുധന് ഉറപ്പ് നൽകി
തൃശൂർ: നിവേദനം വാങ്ങാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മടക്കി അയച്ച പുള്ളിലെ കൊച്ചുവേലായുധന് സിപിഎം വീട് നിർമിച്ചു നൽകി. ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ വീട്ടിലെത്തി വേലായുധന് ഉറപ്പ് നൽകി. ഉടൻ വീട് നിർമാണം തുടങ്ങുമെന്ന് അബ്ദുൽ ഖാദർ പറഞ്ഞു.
സുരേഷ് ഗോപി നിവേദനം വാങ്ങാത്തത് വലിയ വേദനയായെന്ന് കൊച്ചു വേലായുധൻ മീഡിയവണിനോട് പ്രതികരിച്ചിരുന്നു. വീട് വെക്കാൻ സഹായത്തിനാണ് മന്ത്രിയെ കാണാൻ പോയത്. വായിക്കാതെ, വാങ്ങാതെ മടക്കിവിടുമെന്ന് കരുതിയില്ല. മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് അവിടെത്തന്നെ മൈക്കിൽ പ്രസംഗിക്കണം എന്ന് കരുതിയതാണ്. അത് ചെയ്തില്ലെന്നും കൊച്ചു വേലായുധൻ പറഞ്ഞു.
തൃശൂരിലെ പുള്ള, ചെമ്മാപ്പിള്ളി മേഖലയിൽ നടന്ന 'കലുങ്ക് സൗഹാർദ വികസന സംവാദ'ത്തിലാണ് സുരേഷ് ഗോപി നിവേദനം വാങ്ങാതെ മടക്കിയയച്ചത്. ''ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തിൽ പറയൂ'' എന്ന് പറഞ്ഞാണ് സുരേഷ് ഗോപി കൊച്ചു വേലായുധനെ മടക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.