സംഘ്പരിവാര്‍ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയെന്ന് അധ്യാപകന്‍ ; നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി

കേരള കേന്ദ്രസര്‍വകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെതിരെയാണ് എ.ബി.വി.പി പരാതി നല്‍കിയത്

Update: 2021-04-21 13:48 GMT
Editor : ubaid | Byline : Web Desk
Advertising

ക്ലാസ്സിൽ സംഘ്പരിവാറിനെ ഫാസിസ്റ്റ് സംഘടന എന്ന് വിളിച്ചതിന് കേരള കേന്ദ്രസര്‍വകലാശാലയിലെ (സി.യു.കെ) അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ നടപടിയെടുക്കണമെന്ന് ആർ‌.എസ്‌.എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) ആവശ്യപ്പെട്ടു. ഗൌരവ പഠനങ്ങളോ ഗവേഷണങ്ങളോ ഇന്ത്യയെ ഒരു ഫാസിസ്റ്റ് രാജ്യമായി തിരിച്ചറിഞ്ഞിട്ടില്ലെന്നും ചില ദേശവിരുദ്ധ ഘടകങ്ങൾ മാത്രമാണ് ഇന്ത്യയെ ഫാസിസ്റ്റ് രാജ്യമായി മുദ്രകുത്താൻ ശ്രമിക്കുന്നതെന്നും വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വർലുവിന് അയച്ച കത്തിൽ എ.ബി.വി.പി പറയുന്നു. വൈസ് ചാൻസലർ അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ബഹുജന പ്രതിഷേധം നടത്തുമെന്ന് എ.ബി.വി.പി അറിയിച്ചു.

ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി 'ഫാസിസവും നാസിസവും' എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെ ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യൻ പരാമര്‍ശം നടത്തിയത്.

"ആർ‌.എസ്‌.എസും അതിന്റെ അനുബന്ധ സംഘടനയും ചേർന്ന് സംഘ്പരിവാർ എന്നറിയപ്പെടുന്നു, അതായത് സംഘ് കുടുംബം (ബിജെപി ഉൾപ്പെടെ). ഇവരെ പ്രോട്ടോ ഫാസിസ്റ്റ് സംഘടന ആയി കണക്കാക്കാം," പവർപോയിന്റ് സ്ലൈഡുകളിലൊന്നിൽ അദ്ദേഹം പറഞ്ഞു. ക്ലാസിക്കൽ ഫാസിസ്റ്റ് സംഘടനകളുടെ സ്വാധീനമുള്ളവയാണ് പ്രോട്ടോ-ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ.

തിങ്കളാഴ്ച നടന്ന ഓൺലൈൻ ക്ലാസ്സിൽ, ജനറൽ ഫ്രാങ്കോയുടെ കീഴിൽ സ്പെയിൻ, സലാസറിനു കീഴിൽ പോർച്ചുഗൽ, ജുവാൻ പെറോണിന് കീഴിൽ അർജന്റീന, പിനോഷെയുടെ കീഴിൽ ചിലി, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന ഭരണം, 1990 കളുടെ തുടക്കത്തിൽ റുവാണ്ടയിലെ ഹുടു അൾട്രനാഷണലിസ്റ്റ് സംഘടന എന്നിവയെല്ലാം പ്രോട്ടോ ഫാസിസ്റ്റ് സംഘടനകള്‍ ആയി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് 2014 മുതൽ നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ ഇങ്ങനെയുള്ള ഒന്നാണോ എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുകയും ചെയ്തു.

രാജ്യത്തിന്റെ വാക്സിൻ ആവശ്യങ്ങൾ നിറവേറ്റാത്ത സമയത്താണ് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതെന്നും അസിസ്റ്റന്റ് പ്രൊഫസർ സർക്കാരിനെ വിമർശിച്ചു. "അത് അവരുടെ ദേശസ്‌നേഹം കാണിക്കുന്നു," അദ്ദേഹം പറഞ്ഞു. 

സര്‍വ്വകലാശാല ക്ലാസ്സിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തങ്ങള്‍ക്കിഷ്മുള്ള നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. "ക്ലാസ് റൂം ചർച്ചകൾ ചോർത്തുന്നതും അക്കാദമിക് സ്വാതന്ത്ര്യത്തെ കവർന്നെടുക്കാൻ ശ്രമിക്കുന്നതും ഒരു സർവകലാശാലയ്ക്കും നല്ലതല്ല", ഒരു അധ്യാപകൻ പറഞ്ഞു.

വാർത്താ മാധ്യമങ്ങളോട് സംസാരിക്കാൻ തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് ഗിൽബെർട്ട് പ്രതികരിക്കാൻ വിസമ്മതിച്ചു. എ.ബി.‌വി.‌പിയുടെ പരാതി കൂടാതെ യു.‌ജി.‌സിയിൽ നിന്ന് ഇക്കാര്യം പരിശോധിക്കാൻ കത്തും ലഭിച്ചതായി വൈസ് ചാൻസലർ പ്രൊഫ. വെങ്കിടേശ്വർലു പറഞ്ഞു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News