കുസാറ്റിലെ അപകടം അന്വേഷിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതിയും സംശയ നിഴലിൽ

ബോളിവുഡ് ഗായിക പങ്കെടുക്കുന്നതിനെക്കുറിച്ച് സംഘാടകസമിതിക്ക് അറിയില്ലെന്ന് വാർത്താകുറിപ്പ്

Update: 2023-12-01 02:20 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കുസാറ്റിലെ സംഗീത നിശക്കിടെ ഉണ്ടായ ദുരന്തം അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി സംശയ നിഴലില്‍ . അന്വേഷണം നടന്നുകൊണ്ടിരിക്കെ സർവകലാശാല ഇറക്കിയ വാർത്താകുറിപ്പാണ് അന്വേഷണ സമിതിയെ സംശയ നിഴലിലാക്കിയത്. പരിപാടിക്ക് പൊലീസ് സുരക്ഷ രേഖാ മൂലം ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെ ആദ്യം തന്നെ സസ്പെന്‍ഡ് ചെയ്തതും അന്വേഷണത്തിന്റെ ഗതി സൂചിപ്പിക്കുന്നതാണ്.

സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർഥികളും അധ്യാപകരുമാണ് ധിഷ്ണയുടെ സംഘാടകർ. പരിപാടിയെക്കുറിച്ച് നാല് ദിവസം മുന്‍പ് തന്നെ സർവകലാശാല വിശദമായ വാർത്താകുറിപ്പ് ഇറക്കി. ബോളിവുഡ് ഗായിക നികിത ഗാന്ധി പങ്കെടുക്കുന്ന സംഗീത നിശയുടെ കാര്യം പ്രത്യേകമായി വാർത്താകുറിപ്പില്‍ പറയുന്നുമുണ്ട്. നാലു പേർ മരിച്ച അപകടത്തെ കുറിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം ആരംഭിച്ച ശേഷം സർവകലാശാല ഇറക്കിയ വാർത്താകുറിപ്പ് ദുരൂഹമാണ്.

നികിത ഗാന്ധി പങ്കെടുക്കുന്നതിനെ കുറിച്ച് സംഘാടക സമിതി അറിയില്ലെന്നാണ് ആരുടേയും പേര് വെക്കാതെ നല്‍കിയ കുറിപ്പിലുള്ളത്.സംഗീത നിശക്ക് പൊലീസ് സുരക്ഷ തേടി പ്രിന്‍സിപ്പല്‍ ദീപക് കുമാർ സാഹു റജിസ്ടാർക്ക് അയച്ച കത്തും പുറത്തുവന്നതാണ്.എന്നിട്ടും പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത് റജിസ്ട്രാറെ സംരക്ഷിക്കുകയാണ് സിന്‍ഡിക്കേറ്റ് ചെയ്തത്.അക്കാദമികേതര കാര്യങ്ങളുടെ ചുമതലയുള്ള യൂത്ത് വെല്‍ഫെയർ ഡയറക്ടർ പി.കെ ബേബി ഈ സംഭവത്തില്‍ ആരോപണ വിധേയനാണ്.എന്നിട്ടും അന്വേഷണ സമിതിയുടെ അധ്യക്ഷനായി ആദ്യം നിശ്ചയിച്ചത് പി. കെ ബേബിയെ ആണ്. വലിയ പ്രതിഷേധം ഉയർന്നപ്പോഴാണ് ബേബിയെ മാറ്റിയത്.

ആരോപണ വിധേയരായ പി കെ ബേബിയെയും റജിസ്ട്രാർ ഡോ. മീരയേയും സെക്യൂരിറ്റി ഓഫീസറേയും പരസ്യമായി സംരക്ഷിക്കുന്ന നിലപാടിലാണ് സിന്‍ഡിക്കേറ്റ്.അത്തരമൊരു സിന്‍ഡിക്കേറ്റ് നിശ്ചയിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് സത്യസന്ധമാകുമെന്ന പ്രതീക്ഷ ആർക്കുമില്ല.കെ.കെ കൃഷ്ണകുമാര്‍ കണ്‍വീനറായ അന്വേഷണ സമിതി ഇന്നാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News