വായ്പാ പരിധി കുറച്ചത് അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന നടപടി: ധനമന്ത്രി

"റവന്യൂ ചെലവിന്റെ 70 ശതമാനത്തോള സംസ്ഥാനം കണ്ടെത്തേണ്ട സ്ഥിതി, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിത്"

Update: 2023-05-26 15:58 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പ വെട്ടിക്കുറച്ച കേന്ദ്രനടപടിയിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിതെന്നും മന്ത്രി പറഞ്ഞു.

"അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്ന നടപടിയാണുണ്ടായിരിക്കുന്നത്. 32000 കോടി കിട്ടുമെന്ന് പ്രതീക്ഷിച്ചിടത്ത് 15,390 കോടിയാണ് അനുവദിച്ചത്. ജിഎസ്ഡിപിയുടെ മൂന്ന് ശതമാനമെങ്കിലും പ്രതീക്ഷിച്ചു. വലിയ തോതിലുള്ള വെട്ടിക്കുറവാണിത്. ഇത്രയും തുക വെട്ടിക്കുറച്ചതിന്റെ കാരണം പറഞ്ഞിട്ടില്ല. കേന്ദ്രനടപടി സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിനെ വലിയ തോതിൽ തടസ്സപ്പെടുത്തും. ഇത്രയും വലിയ കുറവ് വലിയ പ്രശ്‌നങ്ങളാണുണ്ടാക്കുക.

ആഭ്യന്തര നികുതി വരുമാനം വർധിപ്പിച്ചാണ് കഴിഞ്ഞ വർഷം പിടിച്ചു നിൽക്കാനായത്. ഇതിപ്പോൾ റവന്യൂ ചെലവിന്റെ 70 ശതമാനത്തോള സംസ്ഥാനം കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിത്. കേരളത്തിലെ ജനങ്ങളാണ് ഇതിലൂടെ ബുദ്ധിമുട്ടുക. രാഷ്ട്രീയമായി ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്". മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധിയിൽ നിന്ന് 8000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ 15,390 കോടി രൂപ മാത്രമാണ് ഇനി സംസ്ഥാനത്തിന് വായ്പയെടുക്കാനാവുക. കഴിഞ്ഞ വർഷം 23000 കോടിയാണ് കേന്ദ്രം അനുവദിച്ച വായ്പാ പരിധി. ഈ സാമ്പത്തിക വർഷം മാത്രം നിത്യ ചെലവിനായി ഇതിനോടകം 2000 കോടി സംസ്ഥാനം വായ്പ എടുത്തിട്ടുണ്ട്. ഇതോടെ ഇനി 12,390 കോടി മാത്രമേ ഈ വർഷം വായ്പയെടുക്കാൻ കഴിയൂ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News