കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ പ്രതിഷേധിച്ച യൂട്യൂബർക്ക് നേരെ സൈബറാക്രമണം

മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിനെതിരെയാണ് സൈബറാക്രമണമുണ്ടായത്

Update: 2023-11-12 13:38 GMT
Advertising

മലപ്പുറം: സംസ്ഥാനത്തെ കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ പ്രതിഷേധിച്ച യൂട്യൂബർക്ക് നേരെ സൈബറാക്രമണം. മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറാണ് സൈബറാക്രമണത്തിനിരയായത്. സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് താൻ പറഞ്ഞത്. തനിക്കെതിരെ ചിലർ സൈബ്രാക്രമണം നടത്തുകയും കള്ളക്കേസുകളിൽ പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും യൂട്യൂബർ ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധച്ചതിൽ തന്നെ ക്രൂശിക്കുന്നതെന്തിനാണെന്നും നമ്മുടെ രാജ്യത്ത് ഒരു പൗരനെന്ന നിലയിൽ മുഖ്യമന്ത്രിക്കെതിരെ തനിക്ക് പ്രതിഷേധിക്കാൻ സാധിക്കില്ലേയെന്നും യൂട്യൂബർ ചോദിച്ചു. അതേസമയം പഞ്ചായത്ത് പണം തിരിച്ചു തന്നു, പഞ്ചായത്ത് അധികൃതർ തന്നോട് മാപ്പു പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് യൂട്യൂബർ വ്യക്തമാക്കി.

'കഴിഞ്ഞ ഏപ്രിൽ 30 മുതലാണ് ഫീസ് വർധനയുണ്ടായത്. സാധാരണക്കാർക്ക് വർധനവ് ബാധിക്കില്ലെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അന്ന് പറഞ്ഞത്. ഞാൻ ഒരു സാധാരണക്കാരനാണെന്നാണ് ഞാൻ വിചാരിച്ചത്. 2420 സ്‌ക്വയർ ഫീറ്റിന്റെ വീടാണ് ഞാൻ നിർമിക്കാൻ ആഗ്രഹിക്കുന്നത്. ഇതിന്റെ പെർമിറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ചെന്നപ്പോഴാണ് 30 രൂപ ഫീസുള്ളത് 1000 രുപയായും 2420 സ്‌ക്വയർ ഫീറ്റുള്ള വീടിന് ഏപ്രിൽ 10 വരെ 1575 രൂപ വാങ്ങിയിരുന്നിടത്ത് 22837 രുപയാക്കി മാറ്റിയതും അറിയുന്നത്'.

സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയം യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിക്കുക മാത്രമാണ് തന്റെ ഉദ്ദേശമെന്നും ഫീസ് വർധനക്കെതിരെ സർക്കാർ തലത്തിൽ തന്നെ പുനരാലോചന നടത്തണമെന്നും യൂട്യൂബർ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News