ടോക് ടേ ചുഴലിക്കാറ്റ് രൂപം കൊണ്ടു; വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത

അഞ്ച് ജില്ലകളില്‍ റെഡ് അലേർട്ട്. സംസ്ഥാനത്ത് പരക്കെ മഴ. മണിക്കൂറില്‍ നൂറ് കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശും..

Update: 2021-05-15 02:13 GMT
By : Web Desk
Advertising

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ലക്ഷദ്വീപിനടുത്ത് അർധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. വടക്കന്‍ കേരളത്തില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. തെക്കൻ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇന്നലെ മാവേലിക്കരയിൽ 15 സെന്‍റീമീറ്റർ മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. കൊല്ലം മുതൽ തൃശൂർ വരെ ഓറഞ്ച് അലർട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്ററാകും കാറ്റിൻ്റെ വേഗത. പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ 308 പേരെ മാറ്റി പാർപ്പിച്ചു. 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. തിരുവനന്തപുരത്ത് വലിയ തുറ കടൽ പാലം ചരിഞ്ഞു നില്‍ക്കുന്നു. അപകട സാധ്യത ഉള്ളതിനാൽ ഗേറ്റ് പൂട്ടിയിട്ടുണ്ട്. പാലത്തിനു പോലീസ് കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റാകും. കർണാടക, ഗോവ തീരങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. ഈ മാസം 18 ന് ടോക് ടെ ഗുജറാത്ത് തീരത്തോടടുക്കും. അതേസമയം തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31 നു കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Full View

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ കൊല്ലം കലക്ട്രേറ്റിലും കൊല്ലം ജില്ലയിലെ ആറ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളിലായി 358 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. പരവൂർ മുതൽ അഴീക്കൽ വരെയുള്ള ഭാഗങ്ങളിൽ ശക്തമായ കടൽ ക്ഷോഭമാണ് അനുഭവപ്പെടുന്നത് ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും കൊല്ലത്തെ നഗര പ്രദേശങ്ങളിലടക്കം ശക്തമായ മഴയാണ് പെയ്തത്.

Tags:    

By - Web Desk

contributor

Similar News