ശബരിമല സ്വർണക്കൊള്ള; പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി. മണിയെ ഇന്ന് ചോദ്യം ചെയ്യും

സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി ഇന്ന് അപേക്ഷ സമർപ്പിക്കും

Update: 2025-12-30 02:03 GMT

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി. മണിയെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയോട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ സഹായികളായ ശ്രീകൃഷ്ണൻ, ബാലമുരുകൻ തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് മണി ചെയ്തത്. വിഗ്രഹക്കടത്തിൽ പങ്കില്ലെന്നാണ് മണി മൊഴി നൽകിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.

Advertising
Advertising

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി ഇന്ന് അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്. റിമാൻഡ് നീട്ടാനായി കോടതിയിൽ ഹാജരാക്കുന്ന പദ്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്.

സ്വർണകൊള്ള കേസിൽ ദിവസങ്ങൾക്ക് മുൻപ് അറസ്റ്റിലായ സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വർണ വ്യാപാരി ഗോവർദ്ധനെയും കൂടുതൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്ന കസ്റ്റഡി അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. വിശദമായ ചോദ്യം ചെയ്യലിലാണ് സ്വർണം വേർ തിരിച്ചത് സംബന്ധിച്ച നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് SIT യ്ക്ക് ലഭിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽ നിന്നും വേർതിരിച്ച സ്വർണം ഗോവർദ്ധന്റെ കയ്യിൽ എത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് മാത്രമല്ലാതെ മറ്റു പ്രതികൾക്ക് ഇവരുമായി നേരിട്ട് ബന്ധമുണ്ടോ എന്നതും എസ്ഐടി പരിശോധിക്കുന്നുണ്ട്.

കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ വിഗ്രഹക്കടത്ത് റാക്കറ്റുമായുള്ള ബന്ധം തെളിഞ്ഞാൽ ഡി. മണിയ്ക്കും കുരുക്ക് മുറുകാനാണ് സാധ്യത. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി തീരുന്നതിനെ തുടർന്ന് ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. പത്മകുമാർ സമർപ്പിച്ച ജാമ്യപേക്ഷയും വിജിലൻസ് കോടതി പരിഗണിക്കും. താൻ മാത്രമായി ഒന്നും ചെയ്തിട്ടില്ല, ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് കാട്ടി നേരത്തെ ഹൈക്കോടതിയിലടക്കം പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജികൾ തള്ളിയിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News