പിഎം ശ്രീയിൽ സിപിഎം എംപിമാർക്ക് എന്ത് റോളാണെന്ന് ഞങ്ങൾക്കറിയില്ല': ഡി. രാജ
സിപിഎം വ്യക്തത വരുത്തിയശേഷം പ്രതികരിക്കാമെന്നും രാജ പറഞ്ഞു
ന്യൂഡൽഹി: പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പരാമർശത്തിൽ വിശദീകരണം നൽകേണ്ടത് സിപിഎം നേതൃത്വമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. പിഎം ശ്രീയിൽ സിപിഎം എംപിമാർക്ക് എന്ത് റോളാണെന്ന് തങ്ങൾക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിന് സിപിഐ എതിരാണ്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയാണെന്നും ഡി. രാജ പ്രതികരിച്ചു. മന്ത്രി പറഞ്ഞത് ശരിയോ തെറ്റോ എന്നതിൽ വ്യക്തതയില്ല. സിപിഎം വ്യക്തത വരുത്തിയശേഷം പ്രതികരിക്കാമെന്നും രാജ പറഞ്ഞു.
സംസ്ഥാനം ഒപ്പിടാന്‍ സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി തന്നെ കാണാന്‍ വന്നതെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിൻ്റെ പ്രതികരണം. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സംസ്ഥാനത്തെ മുന്നണിയിലെ തര്‍ക്കമാണ്. മന്ത്രി ശിവന്‍കുട്ടിയോടൊപ്പമാണ് താന്‍ കേന്ദ്രമന്ത്രിയെ കണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
'പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചത് പ്രിയസുഹൃത്ത് ജോണ്‍ ബ്രിട്ടാസാണ്. അതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്തിനകത്തെ മുന്നണിയിലെ തര്‍ക്കം കാരണമാണ് നിലവില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അതിന് പരിഹാരം തേടിയാണ് ബ്രിട്ടാസും കേരള സര്‍ക്കാരിലെ ഒരു മന്ത്രിയും എന്നെ കാണാനെത്തിയത്.' കേന്ദ്രമന്ത്രി വ്യക്തമാക്കി.