'പാവങ്ങൾക്ക് നിയമ സഹായം നൽകണമെന്നത് അച്ഛന്‍റെ ആഗ്രഹമായിരുന്നു'; നിയമപഠനത്തിന് ചേർന്ന് വി.വി പ്രകാശിന്‍റെ മകള്‍

നന്ദനയുടെ നിയമപഠനത്തിന് കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കളടക്കമുള്ള നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു

Update: 2021-11-17 15:46 GMT
Editor : ijas

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ഫലമറിയും മുമ്പേ വിടപറഞ്ഞ കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശിന്‍റെ മകള്‍ നന്ദന പ്രകാശ് നിയമപഠനത്തിന് ചേര്‍ന്നു. പാവങ്ങൾക്ക് നിയമ സഹായം നൽകണമെന്നത് അച്ഛന്‍റെ ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞ നന്ദന പഠനത്തിലും മുന്നോട്ടുള്ള യാത്രയിലും എല്ലാവരുടേയും പിന്തുണയും അനുഗ്രഹവും പ്രാർത്ഥനയും ആവശ്യപ്പെട്ടു. 

നിയമപഠനത്തിന് ചേര്‍ന്നതിന് പിന്നിലെ കഥയും നന്ദന പങ്കുവെച്ചു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ അച്ഛന് കോടതിയിൽ പോകാനോ അഭിഭാഷകൻ എന്ന നിലയിൽ സജീവമാകാനോ പൊതുപ്രവർത്തനത്തിലെ തിരക്ക് കാരണം കഴിഞ്ഞിരുന്നില്ല. അന്ന് എന്നോട് പറഞ്ഞിരുന്നു പഠിച്ച് അഭിഭാഷകയാവണമെന്ന്. ഇന്ന് അച്ഛനില്ല. കൂടെയുള്ളത് ആ വാക്കുകളാണ്.അച്ഛൻ ആഗ്രഹിച്ചതു പോലെ നിയമ പഠനം തെരഞ്ഞെടുത്തു', നന്ദന പറഞ്ഞു. അച്ഛന്‍ വി.വി പ്രകാശിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നന്ദന പുതുവഴി തെരഞ്ഞെടുത്ത കാര്യം അറിയിച്ചത്. 

Advertising
Advertising

നന്ദനയുടെ നിയമപഠനത്തിന് കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കളടക്കമുള്ള നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു. 'ഇനിയും ദൂരങ്ങള്‍ കീഴടക്കൂ', എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ആശംസിച്ചു. എല്ലാവിധ വിജയാശംസകളും നേര്‍ന്ന ഡീന്‍ കുര്യാക്കോസ് എന്ത് ആവശ്യമുണ്ടായാലും വിളിക്കാന്‍ മറക്കണ്ടെന്നും പറഞ്ഞു. ചാണ്ടി ഉമ്മന്‍,  എസ്.എസ് ലാല്‍ എന്നിവരും നന്ദനക്ക് ആശംസകള്‍ നേര്‍ന്നു. മുസ്‍ലിം ലീഗ് നേതാവ് പി.കെ ഫിറോസും നന്ദനക്ക് ആശംസകള്‍ നേര്‍ന്നു.

നന്ദന പ്രകാശിന്‍റെ വാക്കുകള്‍:

ഞാൻ നിയമപഠനത്തിന് ചേർന്നു.അച്ഛൻ്റെ ആഗ്രഹമായിരുന്നു അഭിഭാഷകൻ എന്ന നിലയിൽ പാവങ്ങൾക്ക് നിയമ സഹായം നൽകണമെന്നത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ അച്ഛന് കോടതിയിൽ പോകാനോ അഭിഭാഷകൻ എന്ന നിലയിൽ സജീവമാകാനോ പൊതുപ്രവർത്തനത്തിലെ തിരക്ക് കാരണം കഴിഞ്ഞിരുന്നില്ല. അന്ന് എന്നോട് പറഞ്ഞിരുന്നു പഠിച്ച് അഭിഭാഷകയാവണമെന്ന്. ഇന്ന് അച്ഛനില്ല. കൂടെയുള്ളത് ആ വാക്കുകളാണ്.അച്ഛൻ ആഗ്രഹിച്ചതു പോലെ ഞാൻ നിയമ പഠനം തെരഞ്ഞെടുത്തു. പഠനത്തിലും മുന്നോട്ടുള്ള യാത്രയിലും എല്ലാവരുടേയും പിന്തുണയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം.

നന്ദന പ്രകാശ്

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News