'ബിനു സോമനെ രക്ഷപ്പെടുത്തിയപ്പോഴേക്കും മരിച്ചിരുന്നു'; ആരോപണവുമായി നാട്ടുകാർ

ജീവനുള്ള ശരീരം പോലെയല്ല ബിനുവിന്റെ ശരീരം പ്രതികരിച്ചതെന്ന് പ്രഥമ ശുശ്രൂഷ നൽകിയ മോൻസി കുര്യാക്കോസ്

Update: 2022-12-30 02:27 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: തിരുവല്ലയിൽ മോക്ഡ്രില്ലിന്റെ ഭാഗമായി മണിമലയാറ്റിൽ ചാടിയ ബിനു സോമന്റെ മരണത്തിൽ ആരോപണവുമായി നാട്ടുകാർ. പുഴയിൽ ചാടിയ ബിനു സോമനെ രക്ഷപ്പെടുത്തിയപ്പോഴേക്കും മരിച്ചിരുന്നെന്ന് ബിനുവിന് സി.പി.ആർ നൽകിയ മോൻസി കുര്യാക്കോസ് മീഡിയവണിനോട് പറഞ്ഞു.

ജീവനുള്ള ശരീരം പോലെയല്ല ബിനുവിന്റെ ശരീരം പ്രതികരിച്ചത്. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതായി സംശയമുണ്ടായിരുന്നു എന്നും ബിനു പറഞ്ഞു. ബിനുവിനൊപ്പം മോൻസി കുര്യാക്കോസും മോക്ക്ഡ്രില്ലിന്റെ ഭാഗമായിരുന്നു.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ബിനു അപകടത്തിൽപ്പെടുന്നത്. ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കീഴിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയായിരുന്നു അപകടം. പ്രദേശവാസികളായ നാല് യുവാക്കളോട് മണിമലയാറ്റിൽ ചാടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിനു അടക്കം നീന്തലറിയാവുന്ന നാല് യുവാക്കൾ വെള്ളത്തിലിറങ്ങിയത്. എന്നാൽ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഡിങ്കി ബോട്ടുകളിൽ എഞ്ചിൻ ഘടിപ്പിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും ഇരുപത് മിനിറ്റോളമെടുത്തു. 45 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്നതിന് ശേഷമാണ് ബിനുവിനെ പുറത്തെടുക്കാനായത്.

ആശുപത്രിയിൽ എത്തിക്കുമ്പോൾ നേരിയ തോതിൽ പൾസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ട് തവണ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നെന്നാണ് ആശുപത്രി വൃത്തങ്ങൾ നല്‍കുന്ന വിശദീകരണം. പ്രദേശത്ത് ആംബുലൻസുണ്ടായിരുന്നെങ്കിലും ഇതിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ ആരോപണം. പുഷ്പഗിരി മെഡി.കോളജിൽ ചികിത്സയിലിരിക്കെ രാത്രി എട്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News