തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയിൽ പോളിങ് ശതമാനത്തിൽ കാര്യമായ വർധനവുണ്ടായെങ്കിലും, വോട്ട് രേഖപ്പെടുത്തിയവരുടെ ആകെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ആയിരക്കണക്കിന് വോട്ടുകളുടെ കുറവാണ് ദൃശ്യമാകുന്നത്. പോളിങ് ശതമാനം 10 മുതൽ 14 ശതമാനം വരെ വർധിച്ച മണ്ഡലങ്ങളിൽ പോലും വോട്ട് ചെയ്തവരുടെ എണ്ണം മുൻ വർഷത്തേക്കാൾ കുറഞ്ഞു.
ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം വോട്ടുകളുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം പാറശാല മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ കുറഞ്ഞത് (10,320 വോട്ടുകൾ). നെയ്യാറ്റിൻകരയിൽ 8,534 വോട്ടുകളും, കഴക്കൂട്ടത്ത് 8,243 വോട്ടുകളും, തിരുവനന്തപുരം മണ്ഡലത്തിൽ 8,098 വോട്ടുകളും കുറഞ്ഞു. കടുത്ത ത്രികോണ മത്സരം നടന്ന നേമത്ത് 7,265 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ടിങ് ശതമാനം ഉയരുകയും എന്നാൽ വോട്ടുകളുടെ എണ്ണം കുറയുകയും ചെയ്തത് എസ്‌ഐആർ പ്രക്രിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ജില്ലയിൽ മാത്രം വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ ഇരട്ട വോട്ടുകളും മരിച്ചവരുടെ വോട്ടുകളും നീക്കം ചെയ്തിരുന്നു. പട്ടികയിലെ ആകെ വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെയാണ് പോളിങ് ശതമാനം ഉയർന്നതായി കാണപ്പെടുന്നത്.
അതേസമയം, വോട്ടർ പട്ടികയിലെ ഈ ശുദ്ധീകരണം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ഇരട്ട വോട്ടുകൾ ഒഴിവാക്കിയതാണോ അതോ അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായതാണോ ഈ കുറവിന് കാരണമെന്ന സംശയമാണ് ഉയരുന്നത്. 2021ലെ പോളിങ് ശതമാനത്തേക്കാൾ 6 ശതമാനത്തോളം വർധനവ് ജില്ലയിൽ ഇത്തവണ ഉണ്ടായിട്ടുണ്ടെങ്കിലും, ആകെ വോട്ടുകളുടെ കുറവ് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.
അതേസമയം, തിരുവനന്തപുരത്ത് പത്തു സീറ്റുകളിൽ കുറയാത്ത വിജയം നേടുമെന്നാണ് സിപിഎം വിലയിരുത്തൽ. പാറശ്ശാല, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. വാമനപുരത്തും വർക്കലയിലും ശക്തമായ മത്സരം നടന്നുവെങ്കിലും വിജയം ഒപ്പമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് തുടരുമെന്നും, ബിജെപിയുമായി കടുത്ത പോരാട്ടം നടന്ന കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ തന്നെ ജയിക്കുമെന്നും പാർട്ടി കരുതുന്നു. എന്നാൽ നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നതായാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. അരുവിക്കരയിലും നേമത്തും വിജയസാധ്യതയിൽ പാർട്ടിക്ക് ആശങ്കയുണ്ട്. തിരുവനന്തപുരം, കോവളം എന്നീ മണ്ഡലങ്ങളിൽ ജയപ്രതീക്ഷ കുറവാണെന്നും സിപിഎം കണക്കാക്കുന്നു.
Full View