മുതിർന്ന നേതാക്കളുടെ അതൃപ്തി: കോൺഗ്രസ് ജില്ലാ ഭാരവാഹി പട്ടിക വൈകുന്നു
ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുളള നീക്കത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുതിർന്ന നേതാക്കൾ
ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാക്കള്‍ ആവർത്തിച്ച ഡിസിസി ഭാരവാഹി പട്ടിക വൈകുന്നു. മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണ് ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്നത് വൈകാൻ ഇടയാക്കിയത്. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍ പട്ടിക പ്രഖ്യാപിക്കാനുളള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.
ഡിസിസി അധ്യക്ഷൻമാരുടെ ചുരുക്ക പട്ടിക കെ സുധാകരൻ ഹൈക്കമാന്‍ഡിന് കൈമാറിയിട്ട് ദിവസങ്ങളായി. ആവശ്യമായ ചർച്ച നടത്തിയില്ലെന്ന പരിഭവവുമായി ഇതിനിടെ മുതിർന്ന നേതാക്കൾ ഇടഞ്ഞു. പരാതി സോണിയാ ഗാന്ധിയുടെ മുന്നിൽ എത്തിയതോടെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന് നിർദേശം നല്‍കി. ഇതോടെ തീരുമാനം വീണ്ടും വൈകി. താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മഞ്ഞുരുക്കം ഉണ്ടായില്ല. ഇനി കണ്ടറിയേണ്ടത് മുതിർന്ന നേതാക്കളുടെ ആവശ്യങ്ങള്‍ പൂർണാർത്ഥത്തില്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ അതോ കെപിസിസി നേതൃത്വം നല്‍കിയ പട്ടികക്ക് അതേപടി അംഗീകാരം നല്‍കുമോയെന്നതാണ്.
ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുളള നീക്കത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുതിർന്ന നേതാക്കൾ. പട്ടിക സമർപ്പിച്ച കെപിസിസി നേതൃത്വമാകട്ടെ ഇനിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന നിലപാടിലും. പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അവർത്തിക്കുന്ന നേതൃത്വത്തിനും ആശയക്കുഴപ്പം ബാക്കിയാണ്.