പൂവൻ കോഴി സാക്ഷിയായ കാസർകോട് ദേവലോകത്തെ ഇരട്ടക്കൊല

1993 ഒക്ടോബർ ഒമ്പതിന് രാത്രി. ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടിന്‍റെ വീട്

Update: 2022-10-12 06:29 GMT
Editor : Jaisy Thomas | By : Web Desk

ദേവലോകം: സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനായി രണ്ട്‌ സ്‌ത്രീകളെ പത്തനംതിട്ടയിൽ കൊലപ്പെടുത്തിയ സംഭവം ചർച്ചയാവുമ്പോൾ കാസർകോട്ടുകാർ 29 വർഷം മുൻപ് നടന്ന ദേവലോകം ഇരട്ടക്കൊലയുടെ ഓർമ്മയിലാണ്.

1993 ഒക്ടോബർ ഒമ്പതിന് രാത്രി. ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടിന്‍റെ വീട്. ശ്രീകൃഷ്ണ ഭട്ടിന് 45 ഉം  ഭാര്യ ശ്രീമതിക്ക് 35 വയസ് പ്രായം. വിദ്യാർഥികളായ മൂന്ന് മക്കൾ മുറിയിൽ ഉറങ്ങിക്കിടക്കുന്ന സമയം. കർണാടക സാഗർക്കാരി റോഡ് സ്വദേശിയായ ഇമാം ഹുസൈൻ ഒരു ടാക്സിയിൽ ദേവലോകത്തെ വീട്ടിലെത്തുന്നു. കയ്യിൽ ഒരു പൂവൻകോഴി. ശ്രീകൃഷ്ണ ഭട്ടിന്‍റെ കുടുംബവുമായി ഇമാം ഹുസൈൻ നേരത്തെ തന്നെ സൗഹൃദം സ്ഥാപിച്ചിരുന്നു. വീട്ടുപറമ്പിൽ സ്വർണനിധിയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ശ്രീകൃഷ്ണ ഭട്ടിന്‍റെ കുടുംബവുമായി ഹുസൈൻ സൗഹൃദം സ്ഥാപിച്ചത്.

Advertising
Advertising

രാത്രി വീട്ടിലെത്തിയ ഹുസൈൻ ദമ്പതികൾക്ക് പ്രസാദമായി ഉറക്കഗുളിക ചേർത്ത വെള്ളം നൽകി. തുടർന്ന്  പറമ്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്ന് പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. കുഴിയിൽ ഇറങ്ങി പ്രാർഥന തുടങ്ങിയ ദമ്പതികളെ  മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തി എന്നാണ് പൊലീസ് രേഖ. മൃതദേഹം ഇതേ കുഴിയിൽ കുഴിച്ചു മൂടിയ ശേഷം വീട്ടിലുണ്ടായിരുന്ന പണവും സ്വർണവും കവർന്ന്‌ ഹുസൈൻ രക്ഷപ്പെട്ടെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സംഭവ സ്ഥലത്തുണ്ടായിരുന്ന ഏക സാക്ഷി മന്ത്രവാദിയുടെ കയ്യിലുണ്ടായിരുന്ന പൂവൻ കോഴി മാത്രം. കൊലക്ക്‌ ശേഷം വീട്ടിൽ കണ്ടെത്തിയ പൂവൻകോഴി, ആദൂർ പൊലീസ്‌ സ്‌റ്റേഷനിൽ പൊലീസുകാർ തെളിവായി വളർത്തി. കോഴി മൂന്നു മാസത്തിനുശേഷം ചത്തു. സംഭവ ദിവസം മന്ത്രവാദിയെ വീട്ടിൽ ഇറക്കിയ ടാക്‌സി ഡ്രൈവറായിരുന്നു മറ്റൊരു സാക്ഷി.  

കൊല നടന്ന് 19 വർഷത്തിന്‌ ശേഷം 2012 ഏപ്രിൽ 20ന് ബംഗളൂരുവിൽ നിന്ന് ഇമാം ഹുസൈനെ ക്രൈംബ്രാഞ്ച്‌ പിടികൂടി. പിന്നീട് ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ ഇയാളെ 2019 മെയ് 30ന് വെറുതെ വിട്ടു.  സംശയത്തി​​ന്‍റെ ആനുകൂല്യം നൽകി പ്രതിയെ വെറുതെ വിടുകയായിരുന്നു. സാക്ഷിയായ കോഴിയുമായി ബന്ധപ്പെട്ട മൊഴി കേസിൽ കൊലക്കുറ്റം ചുമത്താൻ മതിയായതല്ലെന്നായിരുന്നു ​ ഹൈക്കോടതിയുടെ ഉത്തരവ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News