എൽഡിഎഫിനെ ജനങ്ങൾ ശിക്ഷിച്ചതിൽ വെള്ളാപ്പള്ളിയുടെ പങ്ക് വലുതാണ്: റെജി ലൂക്കോസ്
കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്തുന്നതിൽ വെള്ളാപ്പള്ളിയെന്ന വർഗീയവാദി കാര്യമായ സംഭാവന ചെയ്തിട്ടുണ്ടെന്നും റെജി ലൂക്കോസ് പറഞ്ഞു
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ജനങ്ങൾ ശിക്ഷിച്ചതിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്. നാടുനീളെ നടന്ന് വർഗീയ വിദ്വേഷ പ്രയോഗങ്ങൾ നടത്തിയ വെള്ളാപ്പള്ളി ജനങ്ങളെ വെറുപ്പിച്ചു. സ്വന്തം നിലനിൽപ്പിന് രണ്ട് വള്ളത്തിൽ കാലുകുത്തിയുള്ള ഇയാളുടെ നാടകങ്ങൾ തിരിച്ചറിയാത്തവർ കേരളത്തിലില്ലെന്നും റെജി ലൂക്കോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ബിഡിജെഎസ് എന്ന സംഘടനയുണ്ടാക്കിയത് ബിജെപിക്ക് വേണ്ടി മാത്രമാണ്. അങ്ങനെയൊരാൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് കാപട്യമാണ്. 'ജാതി ചോദിക്കരുത്, പറയരുത്' എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഇത്രയധികം ലംഘിച്ച വ്യക്തി വേറെയില്ല. കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്തുന്നതിലും ഈ വർഗീയവാദി കാര്യമായ സംഭാവന ചെയ്തിട്ടുണ്ട്. ഇയാൾ എൽഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടിയെന്നും റെജി ലൂക്കോസ് പറഞ്ഞു.