'ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍, കേസുമായി ബന്ധമില്ല': ദിലീപ് ഹൈക്കോടതിയില്‍

ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ദിലീപ്

Update: 2022-03-16 07:28 GMT
Advertising

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റെന്ന് നടന്‍ ദിലീപ്. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്‍റെ വിശദീകരണം.

ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ദിലീപ് വാദിക്കുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹരജിയില്‍ വിശദീകരിച്ചു. ദിലീപ് ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.

വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്തവവിരുദ്ധമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ദാസന്‍ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡായിരുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബര്‍ 26ന് വീട്ടിലെ ജോലി ഉപേക്ഷിച്ചെന്നും 2021 ഒക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നുമുള്ള മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് വാദിച്ചു.

ദിലീപിന്‍റെ അഭിഭാഷകനെതിരെ അതിജീവിതയുടെ പരാതി

ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. സാക്ഷിയെ സ്വാധീനിക്കാൻ ബി രാമൻ പിള്ള ശ്രമിച്ചെന്നാണ് പരാതി. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകരായ ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കി. അഭിഭാഷകന്‍റെ ഓഫീസില്‍ വെച്ച് ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തു, അഭിഭാഷകര്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്. ബാർ കൗൺസില്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.

നേരത്തെ ബി രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ തന്നെ രംഗത്തുവന്നു. ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News