പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് മേധാവി

എം.ആർ അജിത് കുമാർ എ.ഡി.ജി.പി എ.പി ബറ്റാലിയനായി ചുമതലയേൽക്കും

Update: 2022-07-08 16:27 GMT

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മനോജ് എബ്രഹാം വിജിലൻസ് എ.ഡി.ജി.പിയാകും. കെ.പത്മകുമാറിനാണ് എ.ഡി.ജി.പി ഹെഡ്ക്വാർട്ടേർസിന്റെ ചുമതല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റി നിർത്തിയ  എം.ആർ അജിത് കുമാർ എ.ഡി.ജി.പി.എ.പി ബറ്റാലിയാനായി നിയമനമേൽക്കും.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ സരിത്തിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തതിൻ്റെയും ഇടനിലക്കാരനായ ഷാജ് കിരണുമായി വഴിവിട്ട ബന്ധം പുലർത്തിയതിൻ്റെയും പേരിലാണ് എം.ആർ. അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്. അതിന് ശേഷം മൂന്നാഴ്ചയോളം പുതിയ മേധാവിയില്ലാതെ ഒഴിച്ചിട്ട വിജിലൻസിൻ്റെ തലപ്പത്തേക്കാണ് മനോജ് എബ്രഹാം എത്തുന്നത്. ദീർഘനാളായി പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി പൊലീസ് വകുപ്പിൽ സുപ്രധാന പങ്ക് വഹിച്ചിരുന്ന അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് വിജിലൻസ് എ.ഡി.ജി പിയാക്കുന്നത്.

Advertising
Advertising

ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന കെ.പത്മകുമാർ പകരം പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായെത്തും. വിജിലൻസ് മേധാവി സ്ഥാനം നഷ്ടമായ എം.ആർ. അജിത് കുമാറിനെ നേരത്തെ അപ്രസക്തമായ സിവിൽ റൈറ്റ്സ് വിഭാഗത്തിൽ നിയമിച്ചിരുന്നു. അതിനൊപ്പം ബറ്റാലിയൻ എ.ഡി.ജി.പിയുടെ പദവിയും അധികമായി നൽകി. ഉത്തരമേഖല ഐ.ജിയായി തുമ്മല വിക്രമിനെ നിയമിച്ചതിനൊപ്പം ആറ് ജില്ല പൊലീസ് മേധാവി മാരെയും മാറ്റി. മെറിൻ ജോസഫ് കൊല്ലം കമ്മീഷണറാകുമ്പോൾ കെ. കാർത്തിക് കോട്ടയത്തും വിവേക് കുമാർ എറണാകുളം റൂറലിലും വി.യു. കുര്യാക്കോസ് ഇടുക്കിയിലും ആർ. കറുപ്പസ്വാമി കോഴിക്കോട് റൂറലിലും ആർ. ആനന്ദ് വയനാടും എസ്.പിമാരാകും. ഡി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത ബവ്റിജസ് കോർപ്പറേഷൻ എംഡിയാകും. ഡി. ശിൽപയ്ക്ക് വനിത സെല്ലിൻ്റെ ചുമതലയും നൽകി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News