'വെറുതേ ഒരു ഭാര്യ അല്ല'; കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ദിവ്യ എസ് അയ്യര്‍

പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ധാരണാപിശകുകള്‍ സംഭവിക്കുന്നതെന്ന് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍ ഡോ. പി. സരിന്‍ നേരത്തെ ദിവ്യയെ വിമര്‍ശിച്ചിരുന്നു

Update: 2024-07-14 15:10 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊങ്കാല തുടരുന്നതിനിടെ പരോക്ഷ മറുപടിയുമായി ദിവ്യ എസ് അയ്യര്‍. സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് യുവനേതാവുമായ കെ.എസ്. ശബരീനാഥന്റെ കൂടെയുള്ള ചിത്രം പങ്കുവച്ചാണ് വിഴിഞ്ഞം സീ പോര്‍ട്ട് എം.ഡി കൂടിയായ ദിവ്യയുടെ പ്രതികരണം.

'വെറുതേ ഒരു ഭാര്യ അല്ല' എന്ന തലക്കെട്ടോടെയാണ് ശബരിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു താഴെയും കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ വിമര്‍ശനം തുടരുന്നുണ്ട്. എന്നാല്‍, ദിവ്യയ്ക്ക് പിന്തുണയുമായി സി.പി.എം സൈബര്‍ സഖാക്കളും എത്തിയിട്ടുണ്ട്.

Advertising
Advertising

'വെറുതെ ആണേലും അല്ലേലും ശബരിക്ക് കൊള്ളാം. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെ സംഭാവന മറന്ന് പിണറായിയെ സുഖിപ്പിച്ചാല്‍ വിമര്‍ശനം ഉണ്ടാകും. അത് ഏത് ഐ.എ.എസ് ആണേലും ശരി'-ഇങ്ങനെയാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോസ്റ്റിനോട് പ്രതികരിച്ചത്. എന്നാല്‍, ഭര്‍ത്താവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടു തന്നെ ഭാര്യയും അതേ നിലപാടില്‍ തന്നെ നില്‍ക്കണമെന്നു ശരയില്ലെന്നാണ് ഒരു സി.പി.എം അനുകൂലിയുടെ പ്രതികരണം.

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായ ഡോ. പി. സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ധാരണാപിശകുകള്‍ സംഭവിക്കുന്നതെന്നാണ് സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്.

കടലാസില്‍ ഒതുങ്ങാതെ പുറംലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പാക്കിയിട്ടുണ്ട്. മുന്‍പും കേരളത്തില്‍ മിടുക്കരായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ചുനോക്കിയാല്‍ കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍ പറഞ്ഞു തരുമെന്നും സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Summary: 'Not just a wife'; Divya S Iyer reacts amid Congress criticism on Vizhinjam port project remarks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News