'ഒരു അഴിമതിയും കാട്ടിയിട്ടില്ല, തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ നിരാശയുണ്ട്'; ദിയ ബിനു

'അഞ്ചു വര്‍ഷത്തേക്ക് കൗണ്‍സിലര്‍ ആണല്ലോ. ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുണ്ട്. ആ ഒരു രീതിയില്‍ ഇനിയും മുന്നോട്ട് പോകും'

Update: 2026-07-21 10:03 GMT

പാലാ: ഒരു തരത്തിലുള്ള അഴിമതിയും സ്വജനപക്ഷപാതവും നടത്തിയിട്ടില്ലെന്ന മനസമാധാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പാലാ നഗരസഭാധ്യക്ഷ സ്ഥാനത്ത് നിന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ദിയ ബിനു പുളിക്കക്കണ്ടം. അധ്യക്ഷ എന്ന നിലയില്‍ തുടങ്ങിവെച്ച പല പദ്ധതികളും പൂര്‍ത്തിയാക്കാനായില്ല എന്ന നിരാശയുണ്ട്. അഞ്ചു വര്‍ഷത്തേക്ക് കൗണ്‍സിലര്‍ ആണല്ലോ. ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുണ്ട്. ആ ഒരു രീതിയില്‍ ഇനിയും മുന്നോട്ട് പോകും -ദിയ പറഞ്ഞു.

'ചെറുപ്രായത്തില്‍ തന്നെ നഗരസഭാ കൗണ്‍സിലറാകാന്‍ കഴിഞ്ഞത് ദൈവം തന്ന ഒരു ഭാഗ്യമാണ്. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച ഒരു വിശ്വാസമാണ്. അതിന്റെ പരമാവധി എനിക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു. ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ കൈക്കൂലിയോ പിന്‍വാതില്‍ നിയമനമോ നിയമലംഘമനോ നടത്തിയിട്ടില്ല. ആ ഒരു ഉറപ്പോടെ മനസമാധാനത്തോടെയാണ് പടിയിറങ്ങുന്നത്. പിന്നെ ഇതെല്ലാം രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെ അതിന്റെ ഭാഗമായിട്ട് തന്നെ കാണുന്നു.

Advertising
Advertising

ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നു. തുടങ്ങി വെച്ചിരിക്കുന്ന കുറെ പദ്ധതികളുണ്ട്. അതെല്ലാം കംപ്ലീറ്റ് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്നുള്ള ഒരു നിരാശ തീര്‍ച്ചയായിട്ടും ഉണ്ട്. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് ഒരിക്കലും ഒരു ചെയര്‍പേഴ്‌സണ്‍ ആവണം എന്നുള്ള ഒരു ആഗ്രഹത്തോടെ അല്ല. കൗണ്‍സിലര്‍ ആകണം എന്നുള്ള വളരെ ഒരു ആഗ്രഹത്തോടെയാണ്. രാഷ്ട്രീയത്തിന്റെ മെറിറ്റും ഡിമെമെറിറ്റും അറിഞ്ഞുകൊണ്ട് തന്നെ വന്ന ഒരാളാണ്' -ദിയ പ്രതികരിച്ചു.

പാലായില്‍ യുഡിഎഫ് നഗരസഭാധ്യക്ഷയായിരുന്ന ദിയ ബിനുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് 17 പേര്‍ അനുകൂലിച്ചതോടെ പാസ്സായത്. നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. കോണ്‍ഗ്രസ് നല്‍കിയ വിപ്പ് ലംഘിച്ചാണ് ഇവര്‍ കൗണ്‍സിലില്‍ പങ്കെടുത്തത്. ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേര്‍ന്ന് ഭരിക്കാനില്ലെന്ന് ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പാലായിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയിലായത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News