ഡോക്ടർമാരെ തിരഞ്ഞുപിടിച്ചു തോൽപിക്കുന്ന കേരളം

ഹൃദ്രോഗ്ര വിദഗ്ധൻ ഡോ. ജോ ജോസഫിന് ബാലറ്റിലൂടെ മൈനർ അറ്റാക്ക് കൊടുത്ത വോട്ടർമാർ മുൻപും മെഡിക്കൽ ഡോക്ടർമാരെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനസ്‌തെറ്റിസ്റ്റ് ആയ ഡോ. ബെന്നറ്റ് ഏബ്രഹാമിനെ വോട്ടർമാർ ചേർന്ന് മയക്കിക്കിടത്തിയതാണ് പൂർവസംഭവങ്ങളിലൊന്ന്

Update: 2022-06-03 14:11 GMT
Advertising

'ഡോക്ടർമാരെ ജോലി ചെയ്യാൻ അനുവദിക്കുന്ന വോട്ടർമാർ!' കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ഒരു ഡോക്ടറുടെയും ആതുരസേവനം നഷ്ടപ്പെടുത്താൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നു.

ഹൃദ്രോഗ്ര വിദഗ്ധൻ ഡോ. ജോ ജോസഫിന് ബാലറ്റിലൂടെ മൈനർ അറ്റാക്ക് കൊടുത്ത വോട്ടർമാർ മുൻപും മെഡിക്കൽ ഡോക്ടർമാരെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനസ്‌തെറ്റിസ്റ്റ് ആയ ഡോ. ബെന്നറ്റ് ഏബ്രഹാമിനെ വോട്ടർമാർ ചേർന്ന് മയക്കിക്കിടത്തിയതാണ് പൂർവസംഭവങ്ങളിലൊന്ന്.

നിയമസഭയിലെ അലോപ്പതി പരീക്ഷണം

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികളുടെ പാനലിൽ ആറ് അലോപ്പതി ഡോക്ടർമാർ മത്സരിച്ചു. അതിൽ ലോകാരോഗ്യ സംഘടനയിലെ മുൻ ആരോഗ്യ വിദഗ്ധനടക്കം നാലുപേരും പരാജയപ്പെട്ടു. കോൺഗ്രസ് ഒറ്റയ്ക്ക് കാൽ ഡസൻ ഡോക്ടർമാരെ ഇറക്കി. മൂന്നുപേരും ഇന്ന് ഭംഗിയായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു.

ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ചു പരിചയമുള്ള ഡോ. എസ്.എസ് ലാൽ കഴക്കൂട്ടത്തും ഫിസിഷ്യനായ ഡോ. കെ.എസ് മനോജ് ആലപ്പുഴയിലും കോൺഗ്രസിനായി മത്സരിച്ച് പരാജയപ്പെട്ടു.

സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കു വന്ന ഡോ. പി. സരിനാണ് കോൺഗ്രസ് പട്ടികയിലെ മൂന്നാം ഡോക്ടർ. ഒറ്റപ്പാലത്ത് ജനവിധി തേടിയ സരിനെയും വോട്ടർമാർ നിയമസഭയിലേക്ക് അയച്ചില്ല.

 2021ൽ തൃക്കാക്കരയിലാണ് എൽ.ഡി.എഫ് ഭിഷഗ്വരനെവെച്ച് ആദ്യ പരീക്ഷണം നടത്തിയത്. അസ്ഥിരോഗ വിദഗ്ധനായ എൽ. ജേക്കബിനെ വെച്ചുള്ള ഓപറേഷൻ വിജയിച്ചില്ല. ഇത്തവണ അസ്ഥിക്കു പകരം ഹൃദയം വെച്ച് പയറ്റിയെങ്കിലും ഫലം തഥൈവ.

ജയം ശീലമാക്കിയ ഭിഷഗ്വരൻ

2021ൽത്തന്നെ ചവറയിൽ യു.ഡി.എഫിലെ ഷിബു ബേബി ജോണിനെ മലർത്തിയടിച്ച ഒരു ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റുണ്ട്. ഡോ. സുജിത്ത് വിജയൻ. സി.പി.എം പ്രതിനിധിയായ സുജിത് വിജയനെക്കൂടാതെ ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിൽ കേരള നിയമസഭയിലുള്ളത്. ഡോക്ടർമാരുടെ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ 30 വർഷത്തിലധികമായി കേരള നിയമസഭയിലുള്ളതും ഇദ്ദേഹമാണ്. മറ്റൊരു ഭിഷഗ്വരനായ ഡോ. എം.എ കുട്ടപ്പനോടൊപ്പവും അതിനുശേഷവും യു.ഡി.എഫ് മന്ത്രിസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു. ആളിപ്പോൾ പ്രതിപക്ഷ ഉപനേതാവാണ്. ഡോ. എം.കെ മുനീർ.

എം.ബി.ബി.എസ് ഡോക്ടറാണ്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ശൈലിയിൽ പറഞ്ഞാൽ ജലദോഷവും കരപ്പനും ചുണങ്ങും ചികിത്സിക്കുന്ന സാധാ ഡോക്ടർ. സ്‌പെഷലിസ്റ്റ് ഡോക്ടറൊന്നുമല്ലെങ്കിലും ഇലക്ഷനിൽ ജയിക്കുന്നതിൽ മുനീർ സ്‌പെഷലിസ്റ്റ് തന്നെയാണ്. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ പോരാട്ടത്തിൽ ഈ ഡോക്ടർക്ക് കാലിടറിയത് 2006ൽ മങ്കടയിൽ മാത്രമാണ്. അതിന് കാരണങ്ങൾ വേറെയുണ്ടുതാനും.

എന്തുകൊണ്ട് ഡോക്ടർ?

എം.എ കുട്ടപ്പനെയും എം.കെ മുനീറിനെയും ഒഴിച്ചുനിർത്തിയാൽ ഡോക്ടർമാർ എന്നത് സമകാലിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരീക്ഷണ വസ്തുവാണ്. ഇത് അലോപ്പതി ഡോക്ടർമാർക്ക് കൈവരുന്ന ഒരു സൗഭാഗ്യമാണ്. നഗര മണ്ഡല-സാമുദായിക പരികൽപനകൾക്കൊക്കെ അപ്പുറം ഡോക്ടറെ ഒ.പിയിൽ കണ്ട സകലരും ഡോക്ടർക്ക് വോട്ടുകുത്തിയേക്കാം എന്ന സാമാന്യയുക്തിയാണ് ഇതിനു പിന്നിൽ. അതുകൊണ്ടാണ് പാവം മൃഗഡോക്ടർമാർക്കും പ്രകൃതി ചികിത്സകർക്കുമൊന്നും ഈ ഭാഗ്യം കൈവരാത്തത്. പക്ഷേ, സംഗതി തുടരെത്തുടരെ പാളുകയാണ്.

ഡോക്ടർ ഉപയോഗിച്ച കാർ മലയാളിക്ക് ഇഷ്ടമാണ്. വണ്ടി നല്ല കണ്ടീഷനായിരിക്കും എന്നാണ് വെപ്പ്. എന്നുകരുതി ഡോക്ടറെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് വച്ചാൽ ജനം തിരഞ്ഞുപിടിച്ച് തോൽപ്പിക്കും. അങ്ങനെ ഡോക്ടർമാരുടെ അനുപാതം കുറയാതെ ആരോഗ്യമേഖലയെ സംരക്ഷിക്കും.

കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിങ്..

യൂ സീ ദ് ഐറണി, ഡോണ്ട് യൂ? ഇവർ തോറ്റുപോയവരാണ്. അതുകൊണ്ട് പൊരുതിത്തോറ്റാൽ അങ്ങ് പോട്ടേന്ന് വയ്ക്കണം. ഈ മഹദ്വചനം ചിലനേരം ഒരു ഗ്ലൂക്കോസ് ഡ്രിപ്പിന്റെ ഫലം ചെയ്യുമെന്നത് എത്ര സത്യമാണ്.!

വാൽക്കഷണം:

തൃക്കാക്കര സീറ്റിന് ഇനി ഡോക്ടർ ഉപയോഗിച്ച കാറിനെപ്പോലെ ഡിമാന്റ് കൂടും. ഡോക്ടർ മത്സരിച്ച സീറ്റ് ആണല്ലോ!!

Summary: Doctors in the history of Kerala assembly elections

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - രാജേഷ് ശശിധരൻ

contributor

Similar News