'കുറ്റവാളിയായ കരളോ ഹൃദയമോ ഇല്ല'; ക്രമിനല്‍കേസ് പ്രതിയുടെ അവയവദാനം വിലക്കരുതെന്ന് കോടതി

ക്രിമിനൽ കേസിൽപ്പെട്ടയാളുടേയും അല്ലാത്തവരുടെയും അവയവങ്ങൾ തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും കോടതി.

Update: 2021-08-31 16:56 GMT
Editor : Suhail | By : Web Desk
Advertising

ക്രിമിനൽ കേസിൽ പ്രതിയാണെന്ന പേരിൽ അവയവ മാറ്റത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ വൃക്കയോ കരളോ ഹൃദയമോ ഇല്ല. ക്രിമിനൽ കേസിൽപ്പെട്ടയാളുടെയും അല്ലാത്തവരുടെയും അവയവങ്ങൾ തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും കോടതി പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ വൃക്ക ദാനം ചെയ്യാൻ അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻെറ നിരീക്ഷണം.

മനുഷ്യരക്തമാണ് എല്ലാവരുടയും ശരീരത്തിലൂടെ ഒഴുകുന്നത്. അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാൽ മേൽനോട്ട സമിതികൾ ഒരാഴ്ചക്കകം പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. മേൽനോട്ട സമിതി അപേക്ഷ പരിഗണിച്ച് ഇരുപത്തിനാലു മണിക്കൂറിനകം തീരുമാനമെടുക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടൻ സർക്കുലർ ഇറക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

അപേക്ഷകൾ പരിഗണിക്കാൻ വൈകിയാൽ അതിന്റെ കാരണം മേൽനോട്ട സമിതി വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികൾ മാസങ്ങളോളം അനുമതിക്കായി കാത്തുനിൽക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല.

വിൽപന തടയാനാണ് നിയമവും ചട്ടവുമുള്ളത്. ദാതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന പേരിൽ അപേക്ഷ നിരസിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഇതനുവദിച്ചാൽ കൊലപാതകിക്കോ കള്ളനോ പീഡനക്കേസിലെ പ്രതിക്കോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചാൽ ക്രിമിനൽ കേസിലുൾപ്പെട്ടവരുടെ അവയവം സ്വീകരിക്കുന്ന വ്യക്തികൾക്ക് ക്രിമിനൽ സ്വഭാവം പകർന്നു കിട്ടുമെന്നു സമ്മതിക്കേണ്ടി വരും. സാമാന്യ ബുദ്ധിയുള്ളവർ ഇത് അംഗീകരിക്കില്ല. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‍ലിമും ജാതിയും മതവും ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുക്കാതെ ആവശ്യക്കാർക്ക് അവയവം ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ടു വരുന്ന ദിനങ്ങളാണ് ഭരണഘടനയുടെ സൃഷ്ടാക്കൾ സ്വപ്നം കണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

വടക്കൻ മലബാറിലെ പരമ്പരാഗത കലാരൂപമായ പൊട്ടൻ തെയ്യത്തിൻെറ തോറ്റംപാട്ടിലെ 'എൻെറ ശരീരം മുറിഞ്ഞാലും അങ്ങയുടെ ശരീരം മുറിഞ്ഞാലും രക്തമാണു വരുന്നതെന്നിരിക്കെ ജാതിയുടെ പേരിൽ എന്തിനാണ് വിവേചനം' എന്ന് അർഥം വരുന്ന വരികൾ കോടതി ഉത്തരവിൽ ചേർത്തു.‌‌‌

ജാതിയുടെയും മതത്തിൻെറയും ക്രിമിനൽ പശ്ചാത്തലത്തിൻെറയും പേരിൽ വിവേചനം എന്തിനാണെന്ന് ചോദിച്ച കോടതി, അവയദാനത്തിൽ കച്ചവടമില്ലെന്നുറപ്പാക്കിയാൽ പിന്നെ സാങ്കേതികതയല്ല, പ്രായോഗികതയാണ് നോക്കേണ്ടതെന്നും പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News