കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൽ വലതുകാൽ നഷ്ടപ്പെട്ട ഡോ. അസ്‌ന വിവാഹിതയായി
ആർഎസ്എസുകാരുടെ ബോംബേറിലാണ് ആറു വയസുകാരി അസ്നയ്ക്കു കാൽ നഷ്ടമായത്
കണ്ണൂർ: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൽ വലതുകാൽ നഷ്ടപ്പെടുകയും, ശേഷം അതിജീവനത്തിന്റെ പുതു ചരിത്രം രചിക്കുകയും ചെയ്ത ഡോക്ടർ അസ്‌ന വിവാഹിതയായി. ആലക്കോട് അരങ്ങം സ്വദേശി നിഖിൽ ആണ് അസ്നയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്.
2000 സെപ്റ്റംബർ 27ന് തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം നടന്ന ആക്രമണത്തിലാണ് സംഭവം . ആർഎസ്എസുകാരുടെ ബോംബേറിലാണ് ആറു വയസ്സുകാരി അസ്നയ്ക്കു കാൽ നഷ്ടമായത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്‌കൂളിനു സമീപം, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആറുവയസ്സുകാരി അസ്‌ന. കളിപ്പാട്ടങ്ങൾക്ക് നടുവിലേക്ക് വീണൊരു ബോംബാണ് അന്ന് അസ്‌നയുടെ വലതുകാൽ നഷ്ടപ്പെടുത്തിയത്. അമ്മ ശാന്ത്ക്കും അനുജൻ ആനന്ദിനും അന്ന് ഗുരുതരമായി പരിക്കേറ്റു.
വീണുപോവില്ലെന്ന് അവൾ മനസ്സുകൊണ്ട് ഉറപ്പിച്ചു. അസ്‌നയുടെ ഓരോ ചുവടിലും പിതാവ് നാണുവും ഒരു നാടൊന്നാകെയും കരുത്ത് പകർന്നു. രാഷ്ട്രീയ വൈരത്തെ സ്‌നേഹംകൊണ്ടവർ തോൽപ്പിച്ചുകൊണ്ടേയിരുന്നു. പഠിച്ച് മിടുക്കിയായി എല്ലാ മുറിവുമുണക്കുന്ന ഡോക്ടറായി മാറി അസ്‌ന.
അന്ന് ആ രാഷ്ട്രീയ സംഘർഷത്തിന് തുടക്കമിട്ട പൂവത്തൂർ എൽപി സ്‌കൂളിനു മുന്നിൽ ഇന്ന് വലിയൊരു പന്തലൊരുങ്ങി. ആയിരങ്ങൾക്കു മുന്നിൽ വിവാഹിതയായിരിക്കുകയാണ് അസ്‌ന. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനിയറുമായ നിഖിലാണ് വരൻ. വിവാഹദിനം പിതാവ് നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്‌നക്ക് ബാക്കിയുള്ളത്.