‘ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു’; ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
2500ലേറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്
കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിെൻറ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ‘അസുഖങ്ങൾ അലട്ടിയിരുന്നു. ജോലിയിൽ ശ്രദ്ധ ചെലുത്താനാവുന്നില്ല.
ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തു. ഇതിനുശേഷം കൈക്ക് വിറയൽ അനുഭവപ്പെട്ട് തുടങ്ങി’ -കുറിപ്പിൽ പറയുന്നു. ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് കുറിപ്പ് കണ്ടെടുത്തത്.
നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ ഫാം ഹൗസിലാണ് ഡോ. ജോർജ് പി. അബ്രഹാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2500ലേറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ 13 വർഷത്തിലേറെ പരിചയമുള്ള ഡോ. ജോര്‍ജ് 9000-ത്തിലധികം ലാപ്രോസ്കോപ്പിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്. യൂറോളജി മേഖലയിലെ മികവിന് ഭാരത് ചികിത്സക് രത്തൻ അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, ലൈഫ് ടൈം ഹെൽത്ത് അച്ചീവ്മെന്‍റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു.