'ഗൗരവഭാവം കാട്ടാതെ തമാശകൾ പറഞ്ഞ് സൗഹൃദം സ്ഥാപിച്ച ഡോ. ജെയിംസ് വാട്സൺ'; ഓർമകൾ പങ്കുവച്ച് ഡോ. ഇക്ബാൽ

വാട്സൺൻ്റെ ബൗദ്ധിക സംഭാവനകളേക്കാൾ തന്നെ ഏറ്റവും ആകർഷിച്ചതും ശ്രദ്ധേയമാക്കിയതും രണ്ട് നിർണായക സന്ദർഭങ്ങളിൽ സ്വീകരിച്ച ധാർമിക നിലപാടുകളാണെന്ന് ഡോ. ഇക്ബാൽ പറയുന്നു.

Update: 2025-11-08 12:43 GMT

തിരുവനന്തപുരം: അന്തരിച്ച ഡിഎൻഎയുടെ പിതാവ് ഡോ. ജെയിംസ് വാട്സണെ അനുസ്മരിച്ച് മുൻ കേരള യൂണിവേഴ്സിറ്റി വിസിയും ന്യൂറോസർജനുമായ ഡോ. ബി. ഇക്ബാൽ. ഡോ. ജെയിംസ് വാട്സൺൻ്റെ ശാസ്ത്രീയവും ധാർമികവുമായ പൈതൃകം എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ നിലപാടുകളും വ്യക്തിപ്രഭാവവും ഡോ. ഇക്ബാൽ ചൂണ്ടിക്കാട്ടുന്നത്.

വാട്സൺൻ്റെ ബൗദ്ധിക സംഭാവനകളേക്കാൾ തന്നെ ഏറ്റവും ആകർഷിച്ചതും ശ്രദ്ധേയമാക്കിയതും രണ്ട് നിർണായക സന്ദർഭങ്ങളിൽ സ്വീകരിച്ച ധാർമിക നിലപാടുകളാണെന്ന് ഡോ. ഇക്ബാൽ പറയുന്നു. എൽസി (ELSI) പ്രോജക്ടാണ് അതിൽ ഒന്നാമത്തേത്. ഹ്യൂമൻ ജീനോം പ്രോജക്ട് ആരംഭിച്ചപ്പോൾ, അതിൻ്റെ ആദ്യ അധ്യക്ഷനായിരുന്ന വാട്സൺ ഒരു അതിപ്രധാനമായ തീരുമാനം കൈക്കൊണ്ടു.

Advertising
Advertising

'ജനിതകശാസ്ത്രവുമായി ബന്ധപ്പെട്ട ധാർമികവും നിയമപരവും സാമൂഹികവുമായ പ്രശ്നങ്ങളെ (Ethical, Legal and Social Implications- ELSI) പഠിക്കാൻ അദ്ദേഹം ഒരു പ്രോജക്ട് കൂടി ആരംഭിച്ചു. ശാസ്ത്രീയ കണ്ടെത്തലുകളെ സാമൂഹിക യാഥാർഥ്യങ്ങളിൽ നിന്നും വേർപ്പെടുത്തി കേവലമായി കാണുന്നതിനെതിരായ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ നിലപാടുകൾക്ക് ശക്തി പകരാൻ എൽസി പ്രോജക്ടിൻ്റെ റിപ്പോർട്ടുകൾ സഹായകമായി'.

'ജനിതക വിവരങ്ങളുടെ പേറ്റൻ്റ് നിരാകരണമാണ് രണ്ടാമത്തേത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് കണ്ടെത്തുന്ന ജീനുകൾക്ക് പേറ്റൻ്റ് നൽകുന്നത് അറിവിൻ്റെ സ്വതന്ത്രമായ ഒഴുക്കിന് തടസമാകുമെന്ന് വാട്സൺ ശക്തമായി വാദിച്ചു. ജനിതകവിവരങ്ങൾ സ്വകാര്യവത്കരിക്കാതെ, പൊതുസമൂഹത്തിന് പൂർണമായി ലഭ്യമാക്കണമെന്ന ദീർഘവീക്ഷണമുള്ള നിലപാട് അദ്ദേഹം സ്വീകരിച്ചു. എന്നാൽ, ഹ്യൂമൻ ജീനോം പ്രോജക്ടിന് ധനസഹായം നൽകിയിരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായിരുന്ന ബർണാഡിൻ ഹീലി ഈ നിലപാട് അംഗീകരിക്കാൻ തയാറായില്ല. അതിൽ പ്രതിഷേധിച്ച്, വാട്സൺ ഹ്യൂമൻ ജീനോം പ്രോജക്ട് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണുണ്ടായത്'- ഡോ. ഇക്ബാൽ പറയുന്നു.

വാട്സൺ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തെ നേരിൽക്കാണാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും ഡോ. ഇക്ബാൽ കുറിച്ചു. അന്നത്തെ ശാസ്ത്ര സാങ്കേതിക കൗൺസിൽ അധ്യക്ഷൻ ഡോ. എം.ആർ ദാസും പ്രൊഫ. എം.കെ പ്രസാദും കൂടെയുണ്ടായിരുന്നു. ഒട്ടും ഗൗരവഭാവം കാട്ടാതെ, ധാരാളം തമാശകൾ പറഞ്ഞ് എല്ലാവരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ച വാട്സൺൻ്റെ വ്യക്തിപ്രഭാവം തൻ്റെ മനസിൽ മായാതെ പച്ചപിടിച്ച് നിൽക്കുന്നതായും ഡോ. ഇക്ബാൽ വിശദീകരിച്ചു.

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News