'എങ്ങും പോയിട്ടില്ല, പൊട്ടിത്തെറിച്ചിട്ടുമില്ല'; സിപിഎം സൈബര്‍ ടീമില്‍ നിന്ന് ഒഴിവായിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍
സമൂഹമാധ്യമ ടീമില്‍ തുടരുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എം മോഹന്‍ദാസ്, ഇ.എസ് സുഭാഷ് എന്നിവര്‍ പറഞ്ഞു
തിരുവനന്തപുരം: സിപിഎമ്മിന്റെ സമൂഹമാധ്യമ ടീമില്‍ നിന്ന് ഒഴിവായെന്നും കലഹമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകര്‍. സമൂഹമാധ്യമ ടീമില്‍ തുടരുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ദേശാഭിമാനിയിലെ ന്യൂസ് എഡിറ്റര്‍മാരായ കെ.എം മോഹന്‍ദാസ്, ഇ. സുഭാഷ് എന്നിവര്‍ പറഞ്ഞു. സിപിഎം സൈബര്‍ ടീമിന്റെ ചുമതലയുള്ള നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടര്‍ന്ന് കെ.വി സുധാകരന്‍, കെ.എം മോഹന്‍ദാസ്, ഇ.എസ് സുഭാഷ് എന്നിവര്‍ ടീമില്‍ നിന്ന് ഒഴിഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെ ബ്രേക്കിങ് എന്ന നിലയില്‍ ഒരു ചാനല്‍ വായുവിലേക്ക് വിട്ട വിടുവായത്തം, ഇതാകോളടിച്ചേ എന്ന മട്ടില്‍ മറ്റ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാരിയെടുത്താഘോഷിക്കുന്നതാണ് കണ്ടതെന്ന് കെ.എം മോഹന്‍ദാസ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ദേശാഭിമാനി പ്രവര്‍ത്തകരായിരുന്നവരെ വിവിധ ഘട്ടങ്ങളില്‍ താല്‍ക്കാലികമായി നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടവര്‍ അതിന്റെ ഭാഗമായി തുടരുന്നുമുണ്ട്. ഞങ്ങളാരും എങ്ങും പോയിട്ടില്ല, പൊട്ടിത്തെറിച്ചിട്ടുമില്ല -കെ.എം മോഹന്‍ദാസ് പറഞ്ഞു.
കെ.എം മോഹന്‍ദാസിൻ്റെ പോസ്റ്റ് പൂര്‍ണരൂപം...
കേരളത്തിലെ മാധ്യമപ്രവർത്തനം ഉഛിഷ്ഠ ഭോജനമായി മാറുന്നതിന് ഇന്നത്തെ "സിപിഐ എം സോഷ്യൽ മീഡിയ പൊട്ടിത്തെറി" സൃഷ്ടി പോലെ വേറെന്തുദാഹരണം വേണം. ഇന്ന് രാവിലെ ബ്രേക്കിംഗ് എന്ന നിലയിൽ ഒരു ചാനൽ വായുവിലേക്ക് വിട്ട വിടുവായത്തം, ഇതാ കോളടിച്ചേ എന്ന മട്ടിൽ മറ്റ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും വാരിയെടുത്താഘോഷിക്കുന്നതാണ് കണ്ടത്. സിപിഐ എം വിരുദ്ധ മാലിന്യപ്പുക കൊഴുപ്പിക്കാൻ നിരീക്ഷക പരിഷകളുടെ ഉന്മാദ നൃത്തം കൂടി ഉടൻ കണ്ടു., ചോദ്യോത്തരം, നിരീക്ഷണം, വിശകലനം.... ഒരേ തലക്കെട്ട്, ഒരേ പദപ്രയോഗങ്ങൾ. എന്തുമാത്രം ലജ്ജാകരമാണിത്.
സോഷ്യൽ മീഡിയയുടെ ഭാഗമായി പ്രവർത്തിക്കാൻ ദേശാഭിമാനി പ്രവർത്തകരായിരുന്നവരെ വിവിധ ഘട്ടങ്ങളിൽ താൽക്കാലികമായി നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടവർ അതിൻ്റെ ഭാഗമായി തുടരുന്നുമുണ്ട്. വിട്ടു പോയി എന്ന് ഇവർ സൃഷ്ടിച്ച കഥയിൽ എൻ്റെ പേര് കൂടിയുണ്ട് എന്നതും തമാശയാണ്. ഞങ്ങളാരും , എങ്ങും പോയിട്ടില്ല, പൊട്ടിത്തെറിച്ചിട്ടുമില്ല. ഇന്നലെ ( Feb 18 ന് ) സി പി ഐ എം സോഷ്യൽ മീഡിയ ടീം ഒരു പുതിയ വെബ് സൈറ്റ് ആരംഭിച്ചിരുന്നു. പത്തു വർഷം മുമ്പ് യുഡിഎഫ് സർക്കാർ ഭരിച്ച കെട്ട കാലം ഓർമ്മിപ്പിക്കുന്ന "മറക്കാനാവുമോ ആ ഇരുണ്ട കാലം" എന്ന വെബ്സൈറ്റ് - 2011- 16 കാലത്തെ കൊടിയ അഴിമതികളും ജനദ്രോഹവും ഭരണത്തകർച്ചയും തുറന്നു കാട്ടുന്ന വെബ്സൈറ്റ്. അത് യുഡിഎഫി ൻ്റെ തലയിൽ വീണു പൊട്ടിത്തെറിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലാകെ അത് വൈറലാണ്. മിക്ക ചാനലുകളും പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും അത് വാർത്തയാക്കി. ആ ഭരണത്തിൻ്റെ ദുഷ്ചെയ്തികൾ അതിൽ തുറന്നു കാണിക്കപ്പെട്ടതിൻ്റെ ഞെട്ടലിലാണ് യുഡിഎഫും അവരുടെ രക്ഷാ ദൗത്യം ഏറ്റെടുത്ത മാധ്യമങ്ങളും. ഈ വൻ പ്രതിസന്ധിയിൽ നിന്ന് യുഡിഎഫിനെ രക്ഷിക്കാൻ വേണ്ടിയുള്ള നാലാം കിട ക്വട്ടേഷൻ പണിക്കപ്പുറം ഒന്നുമല്ല ഈ "പൊട്ടിത്തെറി " യും.
കേരളത്തിലെ മാധ്യമപ്രവർത്തനം എത്രമാത്രം അധ:പതിച്ചു എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ചീഞ്ഞ പടക്കങ്ങളിൽ ഇതും ചേരുകയാണ്. നിങ്ങൾ (കോൺഗ്രസിൻ്റെ പഞ്ചർ ടയറുകളിൽ കാറ്റൂതി നിറക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകർ) എത്ര "പൊട്ടിത്തെറി " സൃഷ്ടിച്ചാലും ഞങ്ങൾ യുഡിഎഫിനെയും നിങ്ങളെയും തുറന്നു കാണിക്കുന്ന ദൗത്യം തുടരുക തന്നെ ചെയ്യും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നിങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പെരും നുണകളുടെ കുത്തൊഴുക്കിൽ നിർവീര്യമാകുന്നതല്ല ഞങ്ങളുടെ സംഘബോധം. വാർത്തയുടെ വിശ്വാസ്യത അനുദിനം തകർത്തെറിയുകയാണ് കോൺഗ്രസിനു വേണ്ടി തലകുത്തിമറിയുന്ന ഈ മാ(ധ്യമ ) പ്ര (വർത്തക) ക്കൂട്ടങ്ങൾ എന്ന് കൂടി പറയട്ടെ.
സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ ടീമില്‍ നിന്നും താന്‍ ഒഴിവായതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ഇ.എസ് സുഭാഷ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോഴും വിരമിച്ച ശേഷവും സോഷ്യല്‍ മീഡിയയുമായി സഹകരിക്കാറുണ്ട്. വിരമിച്ച ശേഷം ഇതില്‍ കൂടുതലായി ഇടപെടുന്നുണ്ട്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയും തുടരും. സിപിഎമ്മിന് എതിരെ നിരന്തരം ഉണ്ടാക്കുന്ന വ്യാജ വാര്‍ത്തകളുടെ കൂട്ടത്തില്‍ ഒന്നുകൂടി എന്ന നിലയിലേ ഇതിനെയും കാണേണ്ടതുള്ളൂവെന്നും ഇ.എസ് സുഭാഷ് പറഞ്ഞു.