'കുട്ടികൾ എവിടെയാണെങ്കിലും വിശന്നിരിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു, അവരുടെ മതമൊന്നും ഞാൻ ആലോചിച്ചിട്ടില്ല'; സൈബറാക്രമണങ്ങളോട് പ്രതികരിച്ച് ഡോ.എം. ലീലാവതി
'ഭക്ഷണത്തിനായി പാത്രം നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക' എന്ന പരാമര്‍ശത്തിനെതിരെ വലിയ സൈബറാക്രമണമാണ് നടക്കുന്നത്
കൊച്ചി: ഗസ്സ വംശഹത്യക്കെതിരായി പ്രതികരിച്ച പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായി ഡോ.എം.ലീലാവതിക്ക് നേരെ വലിയ സൈബറാക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. 'ഭക്ഷണത്തിനായി പാത്രം നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക' എന്ന ലീലാവതിയുടെ പരാമർശത്തിനെതിരായാണ് സൈബറാക്രമണം നടക്കുന്നത്. സൈബറാക്രമണങ്ങളില്‍ പ്രതികരണവുമായി ലീലാവതി ടീച്ചര്‍ രംഗത്തത്തി.
രാജ്യമോ മതമോ നോക്കിയിട്ടല്ല താന്‍ അഭിപ്രായം പറഞ്ഞതെന്ന് ലീലാവതി ടീച്ചര്‍ മീഡിയവണിനോട് പ്രതികരിച്ചു. കൊച്ചു കുട്ടികൾ എവിടെയാണെങ്കിലും വിശന്നിരിക്കുന്നത് കാണുന്നത് എന്നെ വേദനിപ്പിക്കുന്നു. അവരോട് എനിക്ക് കാരുണ്യമുണ്ട്. ഏത് നാടാണെന്നോ മതമാണെന്നോ ആലോചിട്ടിട്ട് പോലുമില്ല. കുട്ടികൾ പാത്രവും കാണിച്ചുനിൽക്കുന്ന ചിത്രം മാത്രമേ എന്റെ മനസിലൊള്ളൂ..അവരുടെ അച്ഛനമ്മാമാരുടെ മതമൊന്നും ഞാൻ ആലോചിട്ടില്ല. കുട്ടികൾക്ക് ഉണ്ണാൻ കൊടുക്കാതെ യഞ്ജം ചെയ്യുന്ന ചെയ്തിട്ട് നിങ്ങൾ സ്വർഗത്തിൽ പോകുമോ എന്നാണ് ശ്രീകൃഷ്ണൻ ചോദിച്ചത്.ആ കാരുണ്യം തന്നെയാണ് ലോകത്ത് ഏത് അമ്മക്കുമുള്ളത്'.ലീലാവതി ടീച്ചര്‍ പറഞ്ഞു.
എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് തുടക്കം മുതൽ തന്‍റെ ജീവിതമെന്നും അതുകൊണ്ട് എതിർക്കുന്നവരോട് യാതൊരു ശത്രുതയുമില്ലെന്നും ടീച്ചര്‍ പറഞ്ഞു. 'എന്റെ നാട്ടിലെ കുട്ടികളായാലും ശരി,വേറെ ഏത് നാട്ടിലെ കുട്ടികളായാലും ശരി, കുട്ടികൾ കുട്ടികൾ മാത്രമാണ്.അമ്മയുടെ കണ്ണുകൾ കൊണ്ടാണ് അവരെ നോക്കുന്നത്.മതത്തിന്റേയോ ജാതിയുടേയോ വർണത്തിന്റെയോ ഒന്നും പശ്ചാത്തലം അതിലില്ല'..ലീലാവതി ടീച്ചര്‍ പറഞ്ഞു.
അതേസമയം, ലീലാവതി ടീച്ചറിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് ടീച്ചർ. ഗസ്സയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ല എന്ന് അവർ പറഞ്ഞത്, ഒരു മനുഷ്യസ്നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിൻ്റെ സാംസ്കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്.ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.
ചോറിനോടല്ലേ മടുപ്പുള്ളൂ,കിട്ടിയ കുഴിമന്തി ഇറങ്ങുമോയെന്ന് നോക്കൂ ടീച്ചറേ എന്നാണ് 'കാസ' യുടെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്വന്തം രാജ്യത്ത് ടൂറിസ്റ്റുകളായി കശ്മീരിലെത്തിയനിരപരാധികളായ 27 പേരെ മതംചോദിച്ച് വെടിവെച്ച് കൊന്നപ്പോഴും ഒരു കുഴപ്പമില്ലായിരുന്നോവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇസ്രായേലിനൊപ്പമെന്ന് പറഞ്ഞാണ് 'കാസ'യുടെ കുറിപ്പ് അവസാനിക്കുന്നത്. ഗസ്സയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നടക്കമുള്ള അധിക്ഷേപങ്ങളും ലീലാവതിക്കെതിരെ ഉയരുന്നുണ്ട്.