'അവരുടെ സ്ത്രീധനമോഹം, എല്ലാം അവസാനിപ്പിക്കുന്നു'; ഒ.പി ചീട്ടിന് പിന്നിൽ ഷഹാന കുറിച്ചത്...

തന്റെ കയ്യിൽ നിന്ന് വൻതുക വാങ്ങുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്നും ഷഹാന കുറിച്ചിട്ടുണ്ട്

Update: 2023-12-07 08:37 GMT

തിരുവനന്തപുരം: അവരുടെ സ്ത്രീധനമോഹമാണ് എല്ലാത്തിനും കാരണം.... അവസാനിപ്പിക്കുകയാണ് എല്ലാം... പ്രതിശ്രുതവരന്റെ സ്ത്രീധനപീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കും മുമ്പ് ഒരു ഒപി ചീട്ടിന്റെ പിന്നാമ്പുറത്ത് ഷഹാന കുറിച്ചിട്ടതാണിത്.

ഷഹാന താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഇതിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. കുറിപ്പിലെയും ഷഹാനയുടെയും റുവൈസിന്റെയും വാട്‌സ്ആപ്പ് ചാറ്റിലെയും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. റുവൈസ് സ്ത്രീധനം ചോദിക്കുന്നതിന് വാട്‌സ്ആപ്പ് ചാറ്റുകളും കുറിപ്പും തന്നെയാണ് പ്രധാന തെളിവുകൾ.

Advertising
Advertising
Full View

സ്ത്രീധനത്തിനെതിരെ ഘോരപ്രസംഗങ്ങൾ നടത്തുന്ന, സ്ത്രീ തന്നെ ധനമെന്ന് വാദിക്കുന്ന ആളായിരുന്നില്ല റുവൈസ് എന്നാണ് ഷഹാനയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തുന്നത്. ഇത്രയധികം സ്ത്രീധനം കൊടുക്കാൻ തനിക്കാവില്ലെന്നും തന്റെ കയ്യിൽ നിന്ന് വൻതുക വാങ്ങുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്നും ഷഹാന മരിക്കും മുമ്പ് കുറിച്ചിട്ടുണ്ട്. 

മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനിയും വെഞ്ഞാറമ്മൂട് മൈത്രിനഗർ സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സമയമായിട്ടും കാണാതായതോടെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലിലാണ് ഷഹനയെ അബോധാവസ്ഥയിൽ കണ്ടത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനസ്‌തേഷ്യക്ക് നൽകുന്ന മരുന്ന് അമിതനിലയിൽ കുത്തിവച്ചായിരുന്നു മരണം. മുറിയിൽ നിന്ന് മരുന്നുകുപ്പികളും സിറിഞ്ചും പൊലീസ് കണ്ടെടുത്തിരുന്നു.

കേസിൽ പ്രതി റുവൈസിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, സ്ത്രീധനനിരോധന നിയമം എന്നിവ ചുമത്തിയാണ് കേസ്. റുവൈസിന്റെ വാപ്പയടക്കം വൻതുക സ്ത്രീധനം ചോദിച്ചിരുന്നുവെന്നും വാപ്പയെ ധിക്കരിക്കാൻ തനിക്കാവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നുവെന്നും ഷഹാനയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News