ഡിജെ പാർട്ടിയിൽ ലഹരി വിതരണം നടന്നെന്ന് റിമാൻഡ് റിപ്പോർട്ട്; ദുരുദ്ദേശത്തോടെ അമിത മദ്യം വിളമ്പി

ലഹരി ഇടപാടുകൾ അന്വേഷിക്കണമെന്നും പാർട്ടിക്കിടെ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

Update: 2021-11-19 03:35 GMT
Advertising

ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിൽ ലഹരി വിതരണം നടന്നിട്ടുണ്ടെന്നും യുവാക്കൾക്കും യുവതികൾക്കും ദുരുദ്ദേശത്തോടെ അമിതമായി മദ്യം വിളമ്പിയെന്നും റിമാൻഡ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് ഇത് കാരണമാണന്നാണ് സൂചന. കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഹോട്ടലുടമ റോയി വയലാറ്റിനും കൂടെ അറസ്റ്റിലായ മറ്റു അഞ്ച് ജീവനക്കാർക്കും ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്, തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ നൽകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചെന്ന കേസിലാണ് റോയി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ചികിത്സക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള റോയിയുടെ വാദം കേൾക്കാനായി മജിസ്ട്രേറ്റ് ആശുപത്രിയിലേക്ക് പോയിരുന്നു.

റോയിയുടെ വീടിനടുത്തുള്ള കായലിലാണ് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചിരുന്നത്. ഇതിനാൽ ലഹരി ഇടപാടുകൾ അന്വേഷിക്കണമെന്നും പാർട്ടിക്കിടെ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഒളിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട മുൻ മിസ് കേരള അൻസിയുടെ കുടുംബം പറഞ്ഞിരുന്നു. ദൃശ്യങ്ങൾ നശിപ്പിച്ചതെന്തിനെന്ന് കണ്ടെത്തണമെന്ന് അൻസിയുടെ അമ്മാവൻ നസീമുദ്ദീൻ മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ നസീമുദ്ദീൻ പ്രതികരിച്ചിരുന്നു.

എന്നാൽ തന്റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ട സംഭവവുമുണ്ടായിട്ടില്ലെന്നും ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നതെന്നും റോയിയുടെ അഭിഭാഷകൻ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. കാറിനെ പിന്തുടർന്ന സൈജുവിനെ അറസ്റ്റു ചെയ്തിട്ടില്ല. മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിഭാഗം വ്യക്തമാക്കി. തങ്ങൾക്കെതിരെ നരഹത്യ ഉൾപടെയുള്ള ഗുരുതര വകുപ്പുകൾ നിലനിൽക്കില്ലന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News