'പിണറായി സിഎംആർഎല്ലിൽ നിന്ന് മകള്‍ വഴി 3.28 കോടി കൈക്കൂലി വാങ്ങി; മുഹമ്മദ് റിയാസിനെതിരെയും കൈക്കൂലി ആരോപണം' -ഇഡിയുടെ കത്തിൽ നിര്‍ണായക വിവരങ്ങൾ
കൈക്കൂലിപ്പണം ശേഖരിച്ച് കൈമാറിയത് വീണയെന്നും കത്തിൽ
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. പിണറായി വിജയന്‍ സിഎംആർഎല്ലില്‍ നിന്നും മകള്‍ വീണ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇഡിയുടെ കത്തിൽ പറയുന്നത്.
മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങിയെന്നും അഴിമതിപ്പണം വീണയും സുഹൃത്തുക്കളും ചേര്‍ന്ന് ദുബായ് വഴി കടത്തിയെന്നുമാണ് ഇഡിയുടെ ആരോപണം. കൈക്കൂലിപ്പണം ശേഖരിച്ച് കൈമാറിയത് വീണയെന്ന് ഇഡി കത്തിൽ വ്യക്തമാക്കുന്നു.
വീണയുടെ എക്സാലോജിക് കമ്പനിയുടെ സംവിധാനങ്ങള്‍ ദുരൂഹ ഇടപാടുകള്‍ക്കായി ഉപയോഗിച്ചുവെന്നും ശശിധരന്‍ കാര്‍ത്തയാണ് കൈക്കൂലിയായി പണം നല്‍കിയതെന്നും കത്തിൽ പറയുന്നു. അഴിമതി ഇടപാടുകളില്‍ സിഎംആർഎല്ലിന്‍റെ സിഎഫ്ഒ പി. സുരേഷ്കുമാറും പങ്കാളികളായെന്നും വീണയുടെ എംപവര്‍ ഇന്ത്യ കമ്പനിയും കൈക്കൂലി ഇടപാടുകള്‍ക്ക് മറയാക്കിയെന്നും കത്തിലുണ്ട്. കൈക്കൂലി ഇടപാടുകള്‍ക്ക് സിപിഎം നേതാവ് പി. നിഖില്‍, ഹസന്‍ വാരിഷ്, വി.പി ഫൈജാസ്, എം. നന്ദുലാല്‍ എന്നിവരും സഹായിച്ചെന്നും കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ഇഡിയുടെ കത്ത് കിട്ടിയെന്നും പരിശോധിച്ച ശേഷം കാര്യങ്ങൾ തീരുമാനിക്കുമെന്നും ഡിജിപി രവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിച്ചു. അതേസമയം, ഇഡിയുടെ കത്ത് കിട്ടിയെന്ന് ഡിജിപി അറിയിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കത്ത് പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തിലെ നിർണായക വിവരങ്ങൾ
1 പിണറായി വിജയൻ: മകൾ വീണ വഴി സിഎംആർഎല്ലിൽ നിന്ന് 3.28 കോടി വാങ്ങി
2 മുഹമ്മദ് റിയാസ്: കൈക്കൂലി വാങ്ങി വീണയുടെ സഹായത്തോടെ ദുബൈയിലേക്ക് കടത്തി
3 വീണ തൈക്കണ്ടി: കൈക്കൂലി വാങ്ങാൻ പിണറായിയെയും റിയാസിനെയും സഹായിച്ചു
4 എക്സാലോജിക് സൊലൂഷൻ പ്രൈ. ലിമിറ്റഡ്: അനധികൃത പണം കടത്താൻ സഹായിച്ചു
5 ശശിധരൻ കർത്ത: കൈക്കൂലി നൽകി
6 പി. സുരേഷ് കുമാർ: കൈക്കൂലി നൽകാൻ സഹായിച്ചു
7 എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈ. ലി.: പണം കൈമാറാൻ സഹായിച്ചു
8 ഷൈജൽ മുഹമ്മദ്: കൈക്കൂലി വാങ്ങാനും കടത്താനും റിയാസിനെയും വീണയെയും സഹായിച്ചു
9 പി. നിഖിൽ: കൈക്കൂലി വാങ്ങാനും കടത്താനും റിയാസിനെയും വീണയെയും സഹായിച്ചു
10 വാരിസ്: കൈക്കൂലി വാങ്ങാനും കടത്താനും റിയാസിനെയും വീണയെയും സഹായിച്ചു
11 ഫൈജാസ് വി.പി: കൈക്കൂലി വാങ്ങാനും കടത്താനും റിയാസിനെയും വീണയെയും സഹായിച്ചു
12 നന്ദുലാൽ എം: കൈക്കൂലി വാങ്ങാനും കടത്താനും റിയാസിനെയും വീണയെയും സഹായിച്ചു