കൊടകര കുഴൽപ്പണക്കേസ്; പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ഇഡി
കവർച്ചയെ കുറിച്ചാണ് അന്വേഷണം നടത്തിയത്
Update: 2025-01-28 07:04 GMT
തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ഇഡി. കവർച്ചയെ കുറിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണം പൂർത്തിയായെന്ന് എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു.
ഇഡി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശിച്ച് ഹരജി ഹൈക്കോടതി തീർപ്പാക്കി. കുറ്റപത്രം സമർപ്പിക്കാൻ രണ്ട് മാസം ഹൈക്കോടതി സാവകാശം നൽകി. കൊടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹവാല - കള്ളപ്പണ ഇടപാട് ഉള്ളതിനാലാണ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഇഡിക്ക് കൈമാറിയത്. എന്നാൽ കേസിന്‍റെ തുടരന്വേഷണത്തിൽ പിന്നീട് ഇഡി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊടകര കവര്‍ച്ചാ കേസിലെ അന്‍പതാം സാക്ഷി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചത്.