മുഖ്യമന്ത്രിക്കെതിരായുള്ള ഇഡി നോട്ടീസ്; ബിജെപിയുടെ രാഷ്ട്രീയമെന്ന് എം.വി ഗോവിന്ദൻ
എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടികൾ ഉണ്ടാവാറുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായുള്ള ഇഡി നോട്ടീസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തോടുള്ള വെല്ലുവിളിയാണ് നോട്ടീസിന് പിന്നിൽ. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടികൾ ഉണ്ടാവാറുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എന്താ നോട്ടീസ് വരാത്തതെന്ന് വിചാരിക്കുക ആയിരുന്നു. കിഫ്ബിയുടെ വികസനം സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ട് . ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് നോട്ടീസിന് പിന്നിൽ. മുഖ്യമന്ത്രിയോടുള്ള വെല്ലുവിളി അല്ല കേരളത്തോടുള്ള വെല്ലുവിളി ആണ് നോട്ടീസിന് പിന്നിലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് കോൺഗ്രസിലെ ഒരു വിഭാഗമാണ്. സഹായം ഇല്ലെങ്കിൽ ഇങ്ങനെ ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡി നേരത്തെയും തോമസ് ഐസക്കിന് നോട്ടീസ് നൽകുകയും കോടതിയിൽ പോയി അവസാനിച്ചതാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പുതിയ നീക്കം. ബിജെപി നിർദേശ നപ്രകാരമാണ് ഇഡി മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും നോട്ടീസ് അയച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ്. സർക്കാർ നിയമപരമായി നേരിടും.
കേരളത്തിലെ വികസനത്തെ തടസ്സപ്പെടുത്താനുള്ള ഇഡിയുടെ എല്ലാ നീക്കവും നിയമപരമായി നേരിടും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനാണ്. കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാൻ ഇഡി കുറെ നാളായി പരിശ്രമം നടത്തുന്നു. അതെല്ലാം പൊളിഞ്ഞു പാളിസായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് അഞ്ചാറു ദിവസം മുമ്പ് നോട്ടീസുമായി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. ജനങ്ങൾ പുച്ഛിച്ചുതള്ളും. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ മനഃപൂര്‍വം കൊണ്ടുവരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.