ഒമ്പത് മണിക്കൂർ; ബലാത്സം​ഗക്കേസിലെ ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകാതെ എൽദോസ് കുന്നപ്പിള്ളിൽ

ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Update: 2022-10-22 14:23 GMT

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. ചോദ്യം ചെയ്യൽ ഒമ്പതു മണിക്കൂര്‍ നീണ്ടു. ഇനി തിങ്കളാഴ്ച ഹാജരാകാൻ എം.എൽ.എയ്ക്ക് അന്വേഷണ സംഘം നിർദേശം നൽകി.

ഇന്ന് രാവിലെ ഒമ്പതു മണിയോടെ ഹാജരായ എൽദോസ് കുന്നപ്പിള്ളിൽ വൈകീട്ട് ആറേകാലോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ച് പുറത്തുവന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസ് വളപ്പിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ എം.എല്‍എ തയാറായില്ല. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്നത്തെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കടന്നാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്നലെ എൽദോസിന് തിരുവനന്തപുരം സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News