കണ്ണൂരില്‍ ബാങ്ക് ലോക്കറില്‍ നിന്ന് ഭാര്യയുടേതടക്കം 60 ലക്ഷം രൂപയുടെ സ്വർണ്ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍
താൽക്കാലിക ക്യാഷറും സിപിഎം പ്രാദേശിക നേതാവുമായ സുധീർ തോമസ് പിടിയിലായത് മൈസൂരുവില്‍ നിന്ന്
കണ്ണൂർ: ആനപന്തി ബാങ്കിൽ നിന്നും 60 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. ബാങ്ക് ക്യാഷർ സുധീർ തോമസ് ആണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് സുധീറിനെ പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ചിന്‍റെ മുന്‍ സെക്രട്ടറി കൂടിയായിരുന്നു സുധീർ തോമസ്.കോൺഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് സുധീറിനെ ബാങ്കില്‍ താല്‍ക്കാലിക ക്യാഷറായി നിയമിക്കുന്നത്.
സുനീര്‍ തോമസ് എന്നയാളുടെ പേരില്‍ 18 പാക്കറ്റുകളിൽ സൂക്ഷിച്ച സ്വർണമെടുത്ത് പകരം മുക്കുപണ്ടം വെച്ചു. ഇതിന് പുറമെ സ്വന്തം ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണവും സുധീർ മോഷ്ടിച്ചിരുന്നു. കേസില്‍ കോണ്‍ഗ്രസിന്‍റെ വാര്‍ഡ് പ്രസിഡന്‍റ് കൂടിയായ സുനീര്‍ തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ സുധീര്‍ തോമസ് തന്‍റെ അറിവോടെയാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് സുനീര്‍ മൊഴി നല്‍കിയിരുന്നു. ഈ സ്വര്‍ണം വിറ്റുകിട്ടിയ പണം ഇരുവരും വീതിച്ചെടുക്കുകയും ചെയ്തെന്നും പൊലീസ് പറയുന്നു. ബാക്കി തുകയുമെടുത്താണ് സുധീര്‍ തോമസ് ഒളിവില്‍ പോയതെന്നും പൊലീസ് പറഞ്ഞു.