ഒമിക്രോണ്‍ ഗുരുതരമാകാനുള്ള സാധ്യത കുറവാണ്: വീണാ ജോര്‍ജ്

'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

Update: 2022-01-26 11:13 GMT

ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertising
Advertising

മഹാഭൂരിപക്ഷത്തിനും പ്രത്യേക യഞ്ജത്തിലൂടെ വാക്‌സിന്‍ നല്‍കാനായി. അതേസമയം ഒമിക്രോണെ നിസാരമായി കാണരുത്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണ്. വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണ്. ആര്‍ക്കൊക്കെ ഗൃഹ പരിചരണം എടുക്കാന്‍ കഴിയും. ഇതു സംബന്ധിച്ച് കൃത്യമായ പരിശീലനം ആവശ്യമാണ്. ഇതിലെല്ലാം കൃത്യമായ അവബോധം നല്‍കാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.

കോവിഡ് വ്യാപന സമയത്ത് പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പരിശീലനം നല്‍കുന്നത്. പൊതുജനത്തിന് ഇതേറെ പ്രയോജനപ്പെടും. ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍, മരുന്ന് ലഭ്യത, എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ഈ പരിശിലനം ഏറ്റവും ഫലപ്രദമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഷീജ സുഗുണന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ചാന്ദിനി, സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. രമേഷ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന, ട്രെയിനിംഗ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News