വ്യക്തിപരമായി ഉന്നമിട്ട് വിമർശിച്ചാലും പിന്നോട്ടില്ല: കെ.കെ രമ

''ശരിയായ വിമർശനമെന്ന് ഭരണപക്ഷത്തിന് ബോധ്യമുള്ളതിനാലാണ് തന്നെ ഉന്നമിടുന്നത്''

Update: 2022-07-15 16:11 GMT
Advertising

വ്യക്തിപരമായി ഉന്നമിട്ട് വിമർശിച്ചാലും പിന്നോട്ടില്ലെന്ന് കെ.കെ രമ എം.എല്‍.എ. ശരിയായ വിമർശനമെന്ന് ഭരണപക്ഷത്തിന് ബോധ്യമുള്ളതിനാലാണ് തന്നെ ഉന്നമിടുന്നത്. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലാണ് രമയുടെ പ്രതികരണം.

കെ.കെ രമയെ ഇനിയും വിമർശിക്കുമെന്ന് എം.എം മണി നേരത്തെ പ്രതികരിച്ചിരുന്നു. രമയ്ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രസ്താവന പിൻവലിക്കില്ലെന്നും എം.എംമണി പറഞ്ഞു. കെ.കെ രമ എപ്പോഴും മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നു. രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്റെ നീക്കമാണിത്. നിയമസഭയിൽ വന്നാൽ വിമർശനം കേൾക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമർശം ഉയർന്നത്. ''ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ്. സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എൽ.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.

അൺപാർലമെൻററി വാക്കുകൾ മാത്രമേ മാറ്റാൻ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കർ മറുപടി നൽകി. ഇതോടെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പാർട്ടി കോടതി വിധിയുടെ ഭാഗമായിട്ടാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാർട്ടി കോടതി ജഡ്ജ് ആരായിരുന്നുവെന്ന് തന്നെ കൊണ്ട് പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കർ സഭാ നടപടികൾ വേഗത്തിലാക്കി. ചോദ്യോത്തരവേള റദ്ദാക്കുകയും സഭ പിരിയുകയും ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News