ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന്; എക്‌സൈസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി മന്ത്രി

തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളിലും വകുപ്പ് അറിയാതെ എടുക്കുന്ന തീരുമാനങ്ങളിലും മന്ത്രിക്ക് അതൃപ്തിയുണ്ട്

Update: 2026-11-03 06:02 GMT

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാർ ലൈസൻസ് അനുവദിക്കാനുള്ള നടപടികളുമായി എക്സൈസ് കമ്മീഷണർ മുന്നോട്ടുപോയത് സർക്കാർ നിർദേശം മറികടന്നെന്ന് വിവരം. വിമാനത്താവളത്തിലെ മറ്റൊരു ലോഞ്ചിൽ ബാർ ലൈസൻസ് അനുവദിക്കുന്നതിനായി എക്സൈസ് കമ്മീഷണർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അപേക്ഷയിൽ പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഈ നിർദേശം മറികടന്ന് ലൈസൻസ് അനുവദിക്കാനുള്ള നടപടികളുമായി എക്സൈസ് കമ്മീഷണർ മുന്നോട്ടുപോയെന്നാണ് വിവരം.

Advertising
Advertising

സംഭവത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളിലും വകുപ്പ് അറിയാതെ എടുക്കുന്ന തീരുമാനങ്ങളിലും മന്ത്രിക്ക് അതൃപ്തിയുണ്ട്. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. വിഷയത്തിൽ ഉടൻ അന്വേഷണം നടത്താനും സാധ്യതയുണ്ട്.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. സിയാൽ എംഡി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്. തന്റെ മുന്നിലെത്തുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതാണ് പതിവ്. മന്ത്രി ഫോണിൽ വിളിച്ച് റിപ്പോർട്ട് തേടിയെന്നും എക്സൈസ് കമ്മീഷണർ സാംബശിവറാവു പറഞ്ഞു.

ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അറിയിക്കേണ്ട വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മാസത്തിൽ അനുവദിച്ച ലൈസൻസുകളിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. വിമാനത്താവളത്തിലെ യാത്രക്കാർക്ക് മാത്രമായി പ്രവർത്തിക്കുന്ന ബാറുകൾക്കാണ് അന്ന് ലൈസൻസ് അനുവദിച്ചത്. അതിനാൽ ഇത്തരം അപേക്ഷകൾ സർക്കാരിലേക്ക് കൈമാറേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മൂന്നാമത്തെ അപേക്ഷയായ ബാലാജി കാറ്ററേഴ്സിന്റെ അപേക്ഷ സർക്കാരിന് കൈമാറാൻ പ്രത്യേക കാരണമുണ്ടെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു. വിമാനത്താവള യാത്രക്കാർക്ക് പുറമെ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കുന്ന തരത്തിലുള്ള ബാറുകളായതിനാലാണ് അപേക്ഷ സർക്കാരിലേക്ക് കൈമാറിയത്. വിഷയത്തിൽ മന്ത്രിക്ക് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - Web Desk

contributor

Similar News